ഡല്‍ഹിയെ ലോകോത്തര നഗരമാക്കും, ഇല്ലെങ്കില്‍ എന്റെ ചെവിക്ക് പിടിച്ചോളൂ: അമിത് ഷാ

ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയെ തങ്ങള്‍ ലോകോത്തര നഗരമാക്കുമെന്നും ഇല്ലെങ്കില്‍ നിങ്ങള്‍ വന്ന് എന്റെ ചെവിക്ക് പിടിച്ചോളൂ എന്നും അമിത് ഷാ.
നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ബാബര്‍പൂരില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന. രാജ്യ തലസ്ഥാനത്ത് കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ പദ്ധതി നടപ്പാക്കാത്തതിന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമര്‍ശനവും അമിത് ഷാ നടത്തി. ഡല്‍ഹിയില്‍, ആരെങ്കിലും രോഗബാധിതനാകുകയും ആശുപത്രിയില്‍ ചികിത്സ തേടാനുള്ള ചെലവ് വഹിക്കാനുള്ള കഴിവില്ലാതിരിക്കുകയും ചെയ്താല്‍, മന്ദഗതിയിലുള്ള മരണം സംഭവിക്കുമെന്നാണ് കുടുംബങ്ങള്‍ വിശ്വസിക്കുന്നത്. ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം മോദി ഏഴു കോടി ആളുകള്‍ക്ക് താങ്ങാനാവുന്നതും സൌജന്യവുമായ ചികിത്സ ഉറപ്പാക്കുന്നുണ്ട്. എന്നാല്‍ ദേശീയ തലസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കാന്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍ വിസമ്മതിച്ചതിനാല്‍ ബാബര്‍പൂരിലും ഡല്‍ഹിയിലെ മറ്റ് പ്രദേശങ്ങളിലും ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ഇപ്പോള്‍ രോഗികളെ ചികിത്സിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തമാണ്. കോണ്‍ഗ്രസിന് 15 വര്‍ഷവും അഞ്ച് വര്‍ഷം ആം ആദ്മി പാര്‍ട്ടിക്കും നിങ്ങള്‍ അവസരം നല്‍കി. ഇനി ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഡല്‍ഹിയെ ലോകോത്തര നഗരമാക്കി മാറ്റുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. അത് സംഭവിച്ചില്ലെങ്കില്‍, നിങ്ങള്‍ക്ക് വന്ന് എന്റെ ചെവിക്ക് പിടിക്കാന്‍ കഴിയും, ' അമിത് ഷാ പറഞ്ഞു.
ഫെബ്രുവരി എട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ടുചെയ്യാന്‍ ജനങ്ങളോട് അദ്ദേഹം അഭ്യര്‍ഥിച്ചു. '

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍