യുക്രെയ്ന്‍ വിമാന ദുരന്തം: പ്രത്യേക കോടതി വേണമെന്നു റുഹാനി

ടെഹ്‌റാന്‍: അബദ്ധത്തില്‍ മിസൈല്‍ പ്രയോഗിച്ച് യുക്രെയ്ന്‍ വിമാനം വീഴ്ത്തി 176 പേരുടെ മരണത്തിനിടയാക്കിയ സംഭവം പ്രത്യേക കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നു ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി നിര്‍ദേശിച്ചു. ഇതു സാധാരണ കേസല്ല. ലോകം മുഴുവന്‍ നമ്മെ ഉറ്റുനോക്കുകയാണ്. വേദനാജനകവും പൊറുക്കാനാവാത്തതുമായ സംഭവമാണു നടന്നത്. മിസൈല്‍ തൊടുത്തുവിടാനുള്ള ബട്ടണ്‍ അമര്‍ത്തിയ ഒരാളില്‍മാത്രം ഉത്തരവാദിത്വം ഒതുങ്ങില്ല. ബന്ധപ്പെട്ട എല്ലാവരെയും കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ടെന്നു റുഹാനി ടിവി പ്രസംഗത്തില്‍ പറഞ്ഞു.
ഇതിനിടെ വിമാന ദുരന്തക്കേസില്‍ ഏതാനും പേരെ അറസ്റ്റ് ചെയ്‌തെന്ന് ജുഡീഷറി വക്താവ് ഗുലാം ഹുസൈന്‍ ഇസ്മയില്‍ അറിയിച്ചു. എത്രപേര്‍ അറസ്റ്റിലായെന്നും മറ്റുമുള്ള വിശദ വിവരങ്ങള്‍ വ്യക്തമല്ല.വിമാന ദുരന്തത്തിന്റെ യഥാര്‍ഥ കാരണം വിശദീകരിക്കാന്‍ അധികൃതര്‍ കാലതാമസം വരുത്തിയതിനെക്കുറിച്ചും അന്വേഷണം വേണമെന്നു റുഹാനി പറഞ്ഞു. ദുരന്തമുണ്ടായ ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച സുപ്രീം നാഷണല്‍ കൗണ്‍സില്‍ ചേര്‍ന്നതു വരെ നടന്ന എല്ലാ സംഭവങ്ങളും ബന്ധപ്പെട്ടവര്‍ ജനങ്ങളോടു വിശദീകരിക്കണം. മേലില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കില്ലെന്ന് ഇറാന്‍ ജനതയ്ക്ക് ഉറപ്പു ലഭിക്കുകയും വേണം.
ഈ മാസം മൂന്നിന് അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇറാന്‍ ഇറാക്കിലെ യുഎസ് താവളങ്ങള്‍ക്കു നേരേ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. അമേരിക്കയുടെ പ്രതികാര നടപടി ഭയന്ന് രാജ്യം ഏറെ ജാഗ്രതയിലുമായിരുന്നു. ആ സമയത്താണ് ടെഹ്‌റാനില്‍ നിന്ന് യുക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്കു പോകാന്‍ പറന്നുയര്‍ന്ന വിമാനം മിസൈലേറ്റു വീണത്. ആദ്യം നിഷേധിച്ചെങ്കിലും അബദ്ധത്തില്‍ വിമാനത്തിനു നേര്‍ക്കു മിസൈല്‍ പ്രയോഗിച്ചത് തങ്ങളുടെ സൈന്യമാണെന്ന് ഇറാന്‍ പിന്നീടു സമ്മതിച്ചു. കനേഡിയന്‍ സ്വദേശികള്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 176 പേരും കൊല്ലപ്പെട്ടു. അമേരിക്ക അയച്ച ക്രൂസ് മിസൈലാണെന്നു തെറ്റിദ്ധരിച്ചാണു വിമാനത്തിനു നേര്‍ക്ക് മിസൈല്‍ അയച്ചതെന്ന് ഇറാന്‍ സൈനിക വക്താവ് പറഞ്ഞു.വിമാന ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ സഹകരിക്കാന്‍ യുഎസ്, ഫ്രഞ്ച്, യുക്രെയ്ന്‍, കനേഡിയന്‍ ഉദ്യോഗസ്ഥരെ ഇറാന്‍ ക്ഷണിച്ചു. കാനഡയുടെ ഗതാഗത സുരക്ഷാ ബോര്‍ഡ് അധികൃതര്‍ ഇറാനിലേക്കു തിരിച്ചിട്ടുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍