പാഠം ഒന്ന്, മരട്

ടി.എം. അബൂബക്കര്‍ ഐ.പി.എസ് (റിട്ട)
സംസ്ഥാനത്തെ ഉദ്യോഗസ്ഥ രാഷ്ട്രീയ കോര്‍പറേറ്റ് അവിശുദ്ധ കൂട്ടുകെട്ടിന്റെ പ്രതീകമായിരുന്നു കുറച്ചുകാലങ്ങളായി പൊതുവെയും ഇപ്പോള്‍ ഏതാനും ദിവസങ്ങളായി പ്രത്യേകമായും ശ്രദ്ധിക്കപ്പെട്ട മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍. ആ പ്രതീകങ്ങളാണ് രാജ്യത്തെ പരമോന്നത നീതിന്യായ കോടതിയുടെ അന്ത്യശാസനകളെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയുമായി അതേ ബ്യൂറോക്കാറ്റിക്ക് പൊളിറ്റിക്കല്‍ നിരയുടെ അനന്തരവന്മാര്‍ ഇതര ഏജന്‍സികളുടെ സാങ്കേതികസഹായത്തോടെ ഇടിച്ചുനിരപ്പാക്കിയത്. ഒരു കാര്യം ആദ്യമേയങ്ങു പറയാം. നിയന്ത്രിതസ്‌ഫോടനം വഴിയുള്ള ഈ ഇടിച്ചു നിരപ്പാക്കല്‍ ആശങ്കിക്കപ്പെട്ട റിസ്‌ക്കുകളൊന്നും അഭിമുഖീകരിക്കപ്പെടേണ്ടി വരാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് ബന്ധപ്പെട്ട കമ്പനികളുടെ സംരംഭ രംഗത്തെ വന്‍ വിജയം തന്നെ എന്നതില്‍ തര്‍ക്കമില്ല. ഈ കോണ്‍ക്രീറ്റ് കൊട്ടാരങ്ങള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ ചിട്ടയായി ഇടിഞ്ഞു വീഴുന്നത് കാണാന്‍, ആ രംഗങ്ങള്‍ കണ്ട് ആര്‍ത്തുലസിക്കാന്‍ പതിനായിരക്കണക്കിനാളുകള്‍ അതിന്റെ പരിസരപ്രദേശങ്ങളില്‍ തമ്പടിച്ചിരുന്നു. നേരത്തെ നാടോടി മന്നന്‍ എന്ന മലയാള സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ആ അത്ഭുതക്കാഴ്ചകള്‍ നേരില്‍ കണ്ടതിന്റെ ആഹ്ലാദത്തിലായിരുന്നു അവരെല്ലാം. എന്നാല്‍ ആ ജനക്കൂട്ടത്തില്‍ തന്നനെയോ അല്ലെങ്കിലതിന്റെ അരികുവശങ്ങളിലോ ഈ കാഴ്ചകള്‍ കണ്ടുള്ള ദുഖഭാരവുമായി നൂറുകണക്കിനു കുടുംബങ്ങള്‍ വേറിട്ടുനില്‍ക്കുന്നുമുണ്ടായിരുന്നു. അവരില്‍ പലരേയും സംബന്ധിച്ചിടത്തോളം തങ്ങളുടെ കഴിഞ്ഞ കാല ജീവിതത്തിലെ ആകെയുള്ള സമ്പാദ്യം കൊണ്ട് സ്വന്തമാക്കിയതും തങ്ങള്‍ വര്‍ഷങ്ങളോളം താമസിച്ചിരുന്നവയുമായിരുന്നു ആ ഇടിച്ചു നിരത്തിയ ഫ്‌ളാറ്റുകളില്‍ പലതും. അംബരചുംബികളായ ആ പാര്‍പ്പിട സമുച്ഛയങ്ങള്‍ ക്രമമായി ഇടിഞ്ഞു വീഴുന്നത് കണ്ട് അര്‍മാദിച്ച തങ്ങളുടെ സഹജീവികളോടവര്‍ക്ക് അപ്പോള്‍ തോന്നിയ വികാരം കടുത്ത വെറുപ്പിന്റെതുമായിരുന്നു. എത്രയോ ദശലക്ഷങ്ങള്‍ മുടക്കിയ അവര്‍ക്ക് സര്‍ക്കാറില്‍ നിന്നും തല്‍ക്കാലം കിട്ടിയ നഷ്ടപരിഹാരം കേവലം 25 ലക്ഷം രൂപ. അത് തന്നെ എല്ലാവര്‍ക്കും യഥാ സമയം കിട്ടിയിട്ടുമില്ല. ഇനിയെന്തെങ്കിലും ബാക്കി കിട്ടാനിടയുണ്ടെങ്കില്‍ തന്നെ അതിന് ബന്ധപ്പെട്ട കേസ്സും കൂട്ടങ്ങളും കഴിഞ്ഞ് ചിലപ്പോള്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരും. എന്നാലിതെല്ലാം നിര്‍വികാരതയോടെ നിരീക്ഷിക്കുന്ന ചില ഫ്‌ളാറ്റുടമകളെങ്കിലും ഉണ്ടെന്നുറപ്പ്. അവര്‍ക്കിത് തങ്ങളുടെ അമിത സമ്പാദ്യങ്ങളുടെ നിക്ഷേപമോ അല്ലെങ്കില്‍ വല്ലവന്റെയും ബിനാമി സ്വത്തുക്കളോ ആയിരിക്കും. നിക്ഷേപങ്ങള്‍ അവയുടെ സ്വഭാവവിശേഷങ്ങളനുസരിച്ച് ലാഭമോ നഷ്ടമോ ആയേക്കാം എന്ന തത്ത്വത്തില്‍ സമാധാനിക്കുന്നു അക്കൂട്ടര്‍. നാട്ടിലെ നദീതടസംരക്ഷണ നിയമത്തിന്റെയും അനുബന്ധ നിബന്ധനകളുടെയും ഗുരുതരമായ ലംഘനങ്ങള്‍ക്ക് രാജ്യത്ത് ഒരു തടയിടാം എന്ന ബോധ്യത്തിലായിരിക്കാം, ഒരു ദേശീയനഷ്ടമായിട്ടുപോലും ബന്ധപ്പെട്ട നിയമങ്ങളുടെയും ചട്ടങ്ങളുടെയും ബലത്തില്‍ പരമോന്നതകോടതി ഈയൊരു 'സഡണ്‍ഡത്ത്'ന് ഉത്തരവിട്ടത്. അത് കൊണ്ട് തന്നെ ഇതൊരു ചരിത്ര സംഭവമാണ്. എന്നാല്‍ ബാക്കിയാവുന്ന ചോദ്യം ഇതിലെ നിയമലംഘകരും സമാനകൂട്ടങ്ങളും ഇത് കൊണ്ടെന്തെങ്കിലും പാഠം പഠിക്കുമോ എന്നത് തന്നെ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍