ടെലികോം കമ്പനികള്‍ക്കു തിരിച്ചടി

ന്യൂഡല്‍ഹി: ടെലികോം കമ്പനികള്‍ക്കു വലിയ തിരിച്ചടി. കമ്പനികള്‍ക്കെതിരായ ഒക്ടോബര്‍ 24ലെ വിധി പുനഃപരിശോധിക്കാനുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതോടെ ജനുവരി 23നകം 1.47 ലക്ഷം കോടി രൂപ സര്‍ക്കാരില്‍ അടയ്‌ക്കേണ്ട അവസ്ഥയിലാണ് പ്രമുഖ ടെലികോം കമ്പനികള്‍. ചില കമ്പനികളുടെ നിലനില്‍പ്പു തന്നെ ഭീഷണിയിലാകും. വോഡഫോണ്‍ ഐഡിയ 53,039 കോടി രൂപയും ഭാരതി എയര്‍ടെല്‍ 35,586 കോടി രൂപയും അടുത്ത വ്യാഴാഴ്ചയ്ക്കകം അടയ്ക്കണം. ലൈസന്‍സ് ഫീസ്, സ്‌പെക്ട്രം യൂസേജ് ചാര്‍ജ് ഇനങ്ങളിലാണ് ഇത്രയും ബാധ്യത. ഇത്ര ഭീമമായ തുക അടയ്‌ക്കേണ്ടി വന്നാല്‍ കമ്പനി പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരുമെന്നു വോഡഫോണ്‍ ഐഡിയ ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള ഒരു മാസം മുന്‍പു പറഞ്ഞിരുന്നു. കമ്പനികള്‍ക്കു മറ്റു ബിസിനസുകളില്‍നിന്നുള്ള വരുമാനംകൂടി മൊത്തവരുമാനം കണക്കാക്കുന്നതില്‍ പെടുത്തണമെന്ന സര്‍ക്കാരിന്റെ വാദം സുപ്രീ കോടതി അനുവദിച്ചതാണ് ഒക്ടോബര്‍ 24ലെ വിധി. ടെലികോമില്‍നിന്നല്ലാത്ത വരുമാനം പെടുത്തിയപ്പോഴാണ് കമ്പനികളെ പാപ്പരാക്കുന്ന ബാധ്യത വന്നത്. ലൈസന്‍സ് ലഭിച്ച കാലം മുതലുള്ള കുടിശികയും അതിന്റെ പലിശയും പിഴയും അതിന്റെ പലിശയും ചേര്‍ന്നതാണ് ഭീമമായ ഈ തുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍