ഖാസിം സുലൈമാനി വധം; ഇറാന്‍ സ്ഥാനപതിയില്‍ നിന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വിശദീകരണം തേടി

കുവൈത്ത് :ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് മേധാവി ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട് കുവൈത്തിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ കുവൈത്ത് വിദേശകാര്യമന്ത്രാലയം വിശദീകരണം തേടി. കുവൈത്തിലെ ഇറാന്‍ സ്ഥാനപതിയെ കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രാലയ ആസ്ഥാനത്തു വിളിച്ചു വരുത്തിയാണ് അധികൃതര്‍ വിശദീകരണം ആവശ്യപ്പെട്ടത്.
റെവലൂഷ്യന്‍ ഗാര്‍ഡിലെ എയ്‌റോ സ്‌പേസ് കമാണ്ടര്‍ അമീറലി ഹാജിസാദെ കുവൈത്തിനെതിരെ ആരോപണം ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ഇറാന്‍ സ്ഥാനപതി മുഹമ്മദ് ഇറാനിയെ വിദേശ കാര്യ മന്ത്രാലയ ആസ്ഥാനത്ത് വിളിച്ചുവരുത്തി കുവൈത്ത് വിശദീകരണം തേടിയത്. വ്യോമാക്രമണം ഉണ്ടായ വേളയില്‍ മേഖലയില്‍ പറന്ന ആളില്ലാ വിമാനങ്ങളിലേറെയും കുവൈത്തിലെ അലിസാലിം ബേസില്‍ നിന്നുള്ളവയാണെന്നായിരുന്നു അമീറലിയെ ഉദ്ധരിച്ചു ഇറാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇറാന്‍ സൈനിക ഉദ്യോഗസ്ഥന്റെ പ്രസ്ഥാവനയില്‍ വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജാറല്ല കടുത്ത അതൃപ്തി രേഖപ്പെടുത്തി. ആക്രമണത്തിലെ പങ്കാളിത്തം നേരത്തെ തന്നെ കുവൈത്ത് നിഷേധിച്ചതാണെന്നു വ്യക്തമാക്കിയ ജാറല്ല, വിഷയത്തില്‍ യാഥാര്‍ത്ഥ്യം വ്യക്തമാക്കി കൊണ്ട് ഇറാന്‍ ഔദ്യോഗിക പ്രതികരണം നടത്തണമെന്നും സ്ഥാനപതിയോട് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്ന ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്നും വിദേശകാര്യ സഹമന്ത്രി നിര്‍ദേശിച്ചു .ഇറാന്‍ സ്ഥാനപതിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍