ജിദ്ദയില്‍ നിന്നും മദീനയിലേക്ക് ഇനി രണ്ടു മണിക്കൂര്‍ മതി

മക്ക:മക്ക മദീന ഹറമുകളെ ബന്ധിപ്പിക്കുന്ന അല്‍ഹറമൈന്‍ എക്‌സ്പ്രസ് ട്രെയിന്‍ വേഗത വര്‍ധിപ്പിച്ചു. പരമാവധി വേഗതയായ മണിക്കൂറില്‍ മുന്നൂറ് കി.മീ എന്ന വേഗത്തിലായിരിക്കും ഇനി യാത്ര. ഇതോടെ ജിദ്ദയില്‍ നിന്നും മദീനയിലേക്ക് രണ്ടു മണിക്കൂര്‍ കൊണ്ടെത്താം.മണിക്കൂറില്‍ 300 കിലോമീറ്ററാക്കിയാണ് ഹറമൈന്‍ ട്രെയിന്‍ വേഗത വര്‍ദ്ധിപ്പിച്ചത്. റാബിഖിലെ കിംഗ് അബ്ദുല്ല എക്കണോമിക് സിറ്റി റെയില്‍വേ സ്റ്റേഷന്‍ മുതല്‍ മദീന വരെയാണ് മണിക്കൂറില്‍ 300 കി.മീ വേഗം. ഇതോടെ മക്കമദീന യാത്ര സമയം ഏകദേശം 2.45 മണിക്കൂറായി കുറയും. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്റ്റേഷനില്‍ നിന്നും മദീനയിലേക്കുള്ള യാത്ര സമയം 2 മണിക്കൂറാകും. ആവശ്യമായ സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ട്രെയിന്‍ വേഗത വര്‍ധിപ്പിച്ചതെന്ന് അല്‍ഹറമൈന്‍ പ്രൊജക്റ്റ് മാനേജ്മന്റ് അറിയിച്ചു. അറബ് മേഖലയിലെ ഏറ്റവും വേഗതയേറിയ റെയില്‍വേ പദ്ധതിയാണ് അല്‍ഹറമൈന്‍ ട്രെയിന്‍ സര്‍വീസ്. മക്ക, ജിദ്ദ, ജിദ്ദ വിമാനത്താവളം, റാബഖ്, മദീന എന്നിങ്ങനെ അഞ്ച് സ്റ്റേഷനുകളാണ് പദ്ധതിയില്‍ ഉള്ളത്. ഇതില്‍ ജിദ്ദയിലെ പ്രധാന സ്റ്റേഷന്‍ മാസങ്ങള്‍ക്കു മുമ്പുണ്ടായ തീപിടുത്തത്തില്‍ കത്തി നശിച്ചിരുന്നു. സ്റ്റേഷന്റെ പുനരുദ്ധാരണം നടന്നു വരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍