പാകിസ്ഥാന് വീണ്ടും തിരിച്ചടി, ചൈനയുടെ പിന്തുണയും ഏറ്റില്ല:

ന്യൂഡല്‍ഹി: ചൈനയുടെ പിന്തുണയുമായി കശ്മീര്‍ വിഷയം യു.എന്‍ രക്ഷാസമിതിയില്‍ ഉന്നയിക്കാന്‍ നടത്തിയ പാക് ശ്രമം വീണ്ടും പരാജയപ്പെട്ടു. കശ്മീര്‍ വിഷയത്തില്‍ യു.എന്‍ രക്ഷാസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും എതിര്‍ത്തതോടെയാണ് പാകിസ്ഥാന് വീണ്ടും തിരിച്ചടിയേറ്റത്. ഇന്ത്യയും ശക്തമായി വിമര്‍ശിച്ചു. ഭീകരവാദം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നടപടിയെടുത്ത് ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ നിര്‍ദേശിച്ചു. ഇത്തരം വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്നും ഇന്ത്യയുടെ പ്രതിനിധി സയീദ് അക്ബറുദ്ദീന്‍ ആരോപിച്ചു.
കശ്മീര്‍ വിഷയം ആഭ്യന്തര പ്രശ്‌നമാണെന്നും ഉഭയകക്ഷി ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്നും യൂറോപ്പില്‍ നിന്നുള്ള പ്രതിനിധി പറഞ്ഞു. ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയുടെ ക്ലോസ്ഡ് ഡോര്‍ യോഗത്തില്‍ കശ്മീര്‍ വിഷയം ഉന്നയിക്കാന്‍ ചൈന അഭ്യര്‍ത്ഥന നടത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാശ്മീര്‍ വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ച!യാണ് വേണ്ടതെന്ന നിലപാടാണ് ഫ്രാന്‍സും അമേരിക്കയും കൈക്കൊണ്ടത്. എല്ലാക്കാലവും പാകിസ്ഥാന്റെ സുഹൃദ് രാജ്യമായി നിലകൊള്ളുന്ന ചൈന, ജമ്മു കശ്മീരിനെ വിഭജിച്ച ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ചിരുന്നു. നിയമവിരുദ്ധവും അസാധുവുമാണ് നടപടിയെന്നാണ് ചൈന വിശേഷിപ്പിച്ചത്.
കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന യോഗത്തില്‍ കശ്മീര്‍ ആഭ്യന്തരവിഷയമാണെന്ന് ഇന്ത്യ ആവര്‍ത്തിച്ചിരുന്നു. വിഷയത്തില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ആവശ്യമില്ലെന്നും ഇന്ത്യ അറിയിച്ചു. അന്നും ഇന്ത്യയുടെ നിലപാടിന് റഷ്യയും ബ്രിട്ടനും ഫ്രാന്‍സും ഉറച്ച പിന്തുണ പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാന്‍ ഭീകരവാദം അവസാനിപ്പിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്നാണ് ഇന്ത്യ അറിയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍