ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചു

 ജയ്പുര്‍: ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചു. ചൈനയില്‍നിന്നും രാജസ്ഥാനിലെ ജയ്പുരിലെത്തിയ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ ജയ്പുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ഐസൊലേഷന്‍ വാര്‍ഡിലാണ് ഡോക്ടര്‍. അതേസമയം ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 80 ആയി. മൂവായിരത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൊറോണ വൈറസ് മൂലം രോഗബാധിതരായവര്‍ക്ക് പുറമെ ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും മറ്റുള്ളവരിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ടെന്നാണ് ചൈനീസ് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇതാണ് പുതിയ കൊറോണ വൈറസും പഴയ വൈറസും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നും ചൈനീസ് ആരോഗ്യമന്ത്രി വ്യക്തമാക്കി. അതിനിടെ വൈറസ് വ്യാപനം തടയാന്‍ ചൈന രാജ്യത്ത് പൊതുഅവധി നീട്ടി. വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബൈയില്‍ ഇന്ന് 10 പേര്‍ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ഹുബൈയില്‍ മരിച്ചവരുടെ എണ്ണം 76 ആയി. ചൈനയില്‍ 2,744 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 300 പേരുടെ നില ഗുരുതരമാണ്. തായ്‌ലന്‍ഡ്, യുഎസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായി 41 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയുടെ വെളിയില്‍ ആരും കൊറോണ വൈറസ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനിടെ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് വന്യജീവികളുടെ വില്‍പ്പന ചൈന നിരോധിച്ചു. ഫ്രാന്‍സും അമേരിക്കയും സംയുക്തമായി വുഹാനില്‍നിന്ന് പൗരന്‍മാരെ പ്രത്യേകവിമാനത്തില്‍ ചൊവ്വാഴ്ച മുതല്‍ നാട്ടിലേക്കെത്തിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍