ഇറാന്‍ മന്ത്രിക്കു വീസ നിഷേധിച്ച് അമേരിക്ക; യുഎന്‍ രക്ഷാസമിതി യോഗം നഷ്ടമാകും

വാഷിംഗ്ടണ്‍: ഇറാന്‍ വിദേശകാര്യമന്ത്രിക്ക് വീസ നിഷേധിച്ച് അമേരിക്ക. യുഎന്‍ രക്ഷാസമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനായി വീസയ്ക്ക് അപേക്ഷിച്ച വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരിഫിന്റെ അപേക്ഷയാണ് ട്രംപ് ഭരണകൂടം നിരസിച്ചത്. ഇതോടെ സരിഫിനു യോഗത്തില്‍ പങ്കെടുക്കാനാകില്ല. ഖാസിം സുലൈമാനിയുടെ വധത്തെ തുടര്‍ന്നു യുഎസ്ഇറാന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയാണ് അമേരിക്ക ഇറാന്‍ വിദേശകാര്യമന്ത്രിക്കു വീസ നിഷേധിക്കുന്നത്. ജനറല്‍ സുലൈമാനി വധം സംബന്ധിച്ചു സരിഫ് രക്ഷാസമിതിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നു സൂചനയുണ്ടായിരുന്നു. വ്യാഴാഴ്ച ന്യൂയോര്‍ക്കിലാണു രക്ഷാസമിതി യോഗം ചേരുക. യുഎന്‍ ഉച്ചകോടികള്‍ക്കും യോഗങ്ങള്‍ക്കും അംഗ രാജ്യങ്ങളിലെ വിദേശകാര്യ ഉദ്യോഗസ്ഥര്‍ക്കു വീസ അനുവദിക്കണമെന്ന ഉടമ്പടിയുടെ ലംഘനമാണ് യുഎസ് നടപടിയെന്നു വിലയിരുത്തപ്പെടുന്നു.കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാന്‍ റെവലൂഷനറി ഗാര്‍ഡ്‌സിലെ ഉന്നതസേനാ വിഭാഗമായ ഖുദ്‌സ് ഫോഴ്‌സ് തലവനായ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഷഹേദ് അല്‍ ഷാബി സേനയുടെ ഡെപ്യൂട്ടി കമാന്‍ഡര്‍ അല്‍ മുഹാന്ദിസ് അടക്കമുള്ളവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍