എഎസ്‌ഐയെ വെടിവച്ചു കൊല്ലാനുള്ള ആസൂത്രണം നടന്നതു കേരളത്തില്‍

തിരുവനന്തപുരം: കളിയിക്കാവിളയിലെ കേരള തമിഴ്‌നാട് അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ തമിഴ്‌നാട് പോലീസിലെ സ്‌പെഷല്‍ എഎസ്‌ഐയെ വെടിവച്ചു കൊലപ്പെടുത്തിയതിന്റെ ആസൂത്രണം നടന്നതു കേരളത്തിലെന്നു സൂചന. വെടിവയ്പ്പിനു രണ്ടു ദിവസം മുമ്പു പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തിയതിന്റെ തെളിവുകള്‍ പോലീസിനു ലഭിച്ചു. ഏഴ്, എട്ട് തീയതികളില്‍ പ്രതികള്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണു പോലീസിനു ലഭിച്ചത്. വിതുര സ്വദേശി സെയ്ത് അലി ഏര്‍പ്പാടാക്കിയ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. കൊല നടന്നതിന്റെ പിറ്റേദിവസം സെയ്ത് അലി ഒളിവില്‍ പോയി. ഇയാളുടെ വിതുരയിലെ ഭാര്യവീട്ടില്‍ ക്യൂ ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗ് മറ്റൊരാള്‍ക്ക് കൈമാറിയതിലും ദുരൂഹതയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ കൂടി പിടിയിലായിട്ടുണ്ട്. ആറുപേരെ കൊല്ലം തെന്‍മലയില്‍ നിന്നും രണ്ടുപേരെ തിരുനെല്‍വേലിയില്‍നിന്നുമാണു പിടികൂടിയത്. പാലരുവി വെള്ളച്ചാട്ടത്തിനു സമീപത്തു നിന്നാണു തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശികളായ ആറുപേരെ കേരള തമിഴ്‌നാട് പോലീസുകളുടെ സംയുക്ത ഓപ്പറേഷനിലൂടെ പിടികൂടിയത്. കാജ, അഷറഫ്, ഷേക്ക് ഫരീത്ത്, നവാസ്, സിദ്ധിഖ് എന്നിവരെയും പേരു വെളിപ്പെടുത്താത്ത ഒരാളെയുമാണു പാലരുവിയില്‍നിന്നു പിടികൂടിയത്. ബിസ്മി നൗഷാദ്, ഹനീഫ എന്നിവരാണു തിരുനെല്‍വേലിയില്‍നിന്നു പിടിയിലായത്. തീവ്രവാദി ഗ്രൂപ്പുകളുമായി നേരിട്ടു ബന്ധമുള്ളവരാണ് പിടിയിലായവരെല്ലാമെന്നു പോലീസ് പറയുന്നു.ഇതില്‍ കുറ്റകൃത്യവുമായി നേരിട്ടു ബന്ധമുള്ളവരില്‍ ഒരാളുണ്ടെന്നു സൂചനയുണ്ടെങ്കിലും ഇക്കാര്യം വ്യക്തമായിട്ടില്ലെന്നാണു പോലീസ് ഉന്നതര്‍ പറയുന്നത്. വെടിവയ്പു ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരില്‍ ചിലര്‍ ഇതിലുണ്ടെന്നാണു പോലീസ് പറയുന്നത്. വെടിവച്ചശേഷം രക്ഷപ്പെട്ടവര്‍ക്കു മറ്റൊരു വാഹനം ഒരുക്കിനല്‍കിയതും ഇവരാണെന്നു കണ്ടെത്തിയിട്ടുണ്ട്. രാത്രി വൈകിയും ചെങ്കോട്ട എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ ചോദ്യം ചെയ്യുകയാണ്.സ്‌പെഷല്‍ എഎസ്‌ഐ വില്‍സണു നേരേ വെടിയുതിര്‍ത്ത സംഘാംഗങ്ങളുമായി ഫോണിലൂടെ പലപ്പോഴും ഇവര്‍ ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി. ഇതില്‍ രണ്ടുപേരെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പിടികൂടിയപ്പോണ് ഇവര്‍ തെന്‍മലയിലും പരിസരത്തുമുണ്ടെന്നു വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് പോലീസ് നല്‍കിയ വിവരത്തെത്തുടര്‍ന്നു തെന്‍മല സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ നിരീക്ഷിച്ചു. ആയുധം ഉണ്ടാകുമെന്ന സംശയത്തെത്തുടര്‍ന്നു നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍