യുവതലമുറ അനീതിക്കെതിരെ പൊരുതണം: ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹിം

കൊല്ലം: വ്യക്തിത്വ അവകാശ കടന്നുകയറ്റങ്ങള്‍ക്കെതിരെ യുവതലമുറ പൊരുതണമെന്ന് കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി വര്‍ക്കിംഗ് ചെയര്‍മാനും ഹൈക്കോടതി സീനിയര്‍ ജസ്റ്റിസുമായ ജസ്റ്റിസ് സി.കെ അബ്ദുല്‍ റഹിം.
ജില്ലയിലെ ആംഗന്‍വാടി വര്‍ക്കര്‍മാര്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ വരെ യുള്ളവര്‍ക്കായി പോക്‌സോ നിയമ അവബോധം ലക്ഷ്യമാക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി നടപ്പിലാക്കുന്ന സ്റ്റാര്‍ട്ട് (സ്റ്റുഡന്റ്‌സ് ടീച്ചേഴ്‌സ് അഫക്ഷണേറ്റ് ആനൃന്റ് റിലയബിള്‍ ടച്ച്) പദ്ധതി തേവലക്കര സ്ട്രാറ്റ്‌ഫോര്‍ഡ് പബ്ലിക്ക് സ്‌കൂള്‍ ആന്റ് ജൂനിയര്‍ കോളജില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കുട്ടികള്‍ സമൂഹത്തോട് പ്രതിബദ്ധതയുള്ള പൗരന്മാരായി മാറണം. അതിക്രമങ്ങളെ ചെറുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിന് ലീഗല്‍ സര്‍വീസ് അതോറിറ്റികള്‍ വഴി ന്യായാധിപന്മാരടങ്ങുന്ന സംഘം പ്രവര്‍ത്തിക്കുന്നു. ഇതിനായി സമൂഹത്തില്‍ നേരിട്ടുള്ള ഇടപെടലുകളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.പ്രിന്‍സിപ്പല്‍ ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജ് എസ്.എച്ച് പഞ്ചാപകേശന്‍ അധ്യക്ഷനായി. സ്റ്റാര്‍ട്ട് സംബന്ധിച്ച ക്ലാസുമെടുത്തു. അധ്യാപകരും വിദ്യാര്‍ഥികളുമായുള്ള ആത്മബന്ധം ദൃഢമാക്കേണ്ടതിന്റെ ആവശ്യകതയാണ് ചര്‍ച്ച ചെയ്തത്. 500 അധ്യാപകര്‍ പങ്കെടുത്തു.ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ മുഖ്യപ്രഭാഷണം നടത്തി. കുട്ടികള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയുമുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായാണ് സ്റ്റാര്‍ട്ട് പദ്ധതി നടപ്പിലാക്കുന്നത്. വനിതാ ശിശുക്ഷേമ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നിര്‍വഹണം. ലീഗല്‍ സര്‍വീസസ് അതോറിറ്റി വഴി സ്‌കൂള്‍ കുട്ടിള്‍ക്കായി ലാമ്പ് പദ്ധതിയും നടപ്പിലാക്കി വരികയാണ്. ഇതുവരെ 60 ക്ലാസുകള്‍ നടത്തി. ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരെയും കൗണ്‍സിലര്‍മാരെയും ജസ്റ്റിസ് അബ്ദുള്‍ റഹീം ആദരിച്ചു.കരുനാഗപ്പള്ളി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.എസ്. ബിന്ദുകുമാരി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിട്ടി സെക്രട്ടറി സുബിതാ ചിറയ്ക്കല്‍, വനിതാ ശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസര്‍ എസ്. ഗീതാകുമാരി, ചവറ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷാജി പള്ളിപ്പാടന്‍, സ്ട്രാറ്റ്‌ഫോര്‍ഡ് പബ്ലിക് സ്‌കൂള്‍ ചെയര്‍മാന്‍ അസീസ് കളിയിലില്‍, പ്രിന്‍സിപ്പില്‍ വിജി വിനായക, ലീഗല്‍ സര്‍വീസ് അതോറിറ്റി ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍