ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയിലാക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്ത് തീഹാര്‍ ജയിലിലടച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യ നിലയില്‍ ആശങ്കയെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും അനുയായികള്‍ ആവശ്യപ്പെട്ടു. രക്തത്തിന് കട്ടികൂടുന്ന അസുഖമുള്ള ആസാദിന്റെ ചികിത്സ മുടങ്ങിയതിനാല്‍ ഹൃദയാഘാത സാദ്ധ്യതയുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ ഹര്‍ജീത് സിംഗ് ഭട്ടി ട്വീറ്റ് ചെയ്തിരുന്നു. ആസാദിനെ അടിയന്തരമായി എയിംസില്‍ പ്രവേശിപ്പിക്കണമെന്ന് ഭട്ടി ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യര്‍ത്ഥിച്ചു.എന്നാല്‍ പതിവു പരിശോധനകളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് തീഹാര്‍ ജയില്‍ അധികൃതരുടെ വാദം. ഡിസംബര്‍ 21ന് ജുമാമസ്ജിദിന് സമീപം നടത്തിയ ദേശീയ പൗരത്വ ഭേദഗതി വിരുദ്ധ പരിപാടിക്കിടെയാണ് ആസാദ് അറസ്റ്റിലാകുന്നത്.കഴിഞ്ഞ ഒന്നരവര്‍ഷമായി രക്തം കട്ടപിടിക്കുന്നത് തടയാനായി രണ്ടാഴ്ചയിലൊരിക്കല്‍ ചുവപ്പ് രക്തകോശങ്ങള്‍ നീക്കം ചെയ്യുന്ന (ഫ്‌ളീബോട്ടമി) ചികിത്സയ്ക്ക് വിധേയനാണ് ആസാദെന്ന് ഡോക്ടര്‍ പറഞ്ഞു. ഒരാഴ്ച മുമ്പ് നടത്തേണ്ട ഫ്‌ളീബോട്ടമി മുടങ്ങിയത് ആശങ്കയുണ്ടാക്കുന്നതായും എത്രയും പെട്ടെന്ന് ആസാദിനെ എയിംസിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ആസാദിന് തലവേദന, വയറുവേദന തുടങ്ങിയ അസ്വസ്ഥതകളുണ്ടെന്ന് വെള്ളിയാഴ്ച ജയിലില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ഭീം ആര്‍മി വക്താവ് ഖുശ് അംബേദ്കര്‍ വാദിയും പറഞ്ഞിരുന്നു. ആസാദിനെ ആശുപത്രിയിലാക്കാതെ തീഹാര്‍ ജയില്‍ അധികൃതര്‍ മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നും ഭീം ആര്‍മി ആരോപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍