പ്രതിഷേധങ്ങള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി:സമാധാന പ്രതിഷേധങ്ങള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഡല്‍ഹിയില്‍ ആദ്യ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ സുകുമാര്‍ സെന്‍ അനുസ്മരണ ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു പ്രണബ്. വിയോജിപ്പുകളില്‍ കൂടി ജനാധിപത്യം അഭിവൃദ്ധിപ്പെടുമെന്ന് പറഞ്ഞ പ്രണബ് മുഖര്‍ജി അമിത ആത്മവിശ്വാസം സ്വേച്ഛാധിപത്യ പ്രവണതകളെ ശക്തിപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി. പൗരത്വ നിയമത്തേയോ പൗരത്വ രജിസ്റ്ററിനേയോ നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും യുവാക്കള്‍ ഭരണഘടനയില്‍ വിശ്വാസമര്‍പ്പിക്കുന്നത് കാണുന്നത് ഉത്സാഹമുണ്ടാക്കുന്നതായും മുന്‍ രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി വലിയ തോതില്‍ യുവാക്കളടക്കമുള്ളവര്‍ തെരുവില്‍ പ്രതിഷേധിക്കുകയാണ്. അവരുടെ അഭിപ്രായങ്ങളും പ്രധാനപ്പെട്ടവയാണ്. ഇന്ത്യന്‍ ഭരണഘടനയിലുള്ള അവരുടെ വിശ്വാസം പ്രചോദനകരമാണെന്ന് അദ്ദേഹം പറഞ്ഞു. നെഹ്‌റുവിന്റെ കാലത്തിനു ശേഷം ഇന്ത്യയില്‍ പട്ടാളഭരണം വരുമെന്നു പ്രവചിച്ചവരുണ്ട്. എന്നാല്‍ അതു തെറ്റാണെന്ന് ജനാധിപത്യ തെരഞ്ഞെടുപ്പുകളിലൂടെ തെളിയിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കായെന്ന് പ്രണബ് മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍