ഭരണഘടനയുടെ കരട് തയാറാക്കിയത് അംബേദ്കറല്ലെന്ന് ഗുജറാത്ത് സ്പീക്കര്‍

അഹമ്മദാബാദ്: ഇന്ത്യന്‍ ഭരണഘടനയുടെ കരട് തയാറാക്കിയതു ഡോ. ബി.ആര്‍. അംബേദ്കര്‍ അല്ലെന്നു ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന ബ്രാഹ്മണ വ്യാപാര സമ്മേളനത്തിന്റെ രണ്ടാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു ത്രിവേദി. ബി.എന്‍ റാവു എന്ന ബ്രാഹ്മണനാണു ഭരണഘടനയുടെ കരട് രൂപം തയാറാക്കിയതെന്നും ഇതിന്റെ ഖ്യാതി അംബേദ്കറിനു നല്‍കുകയായിരുന്നെന്നും സ്പീക്കര്‍ അവകാശപ്പെട്ടു. ഇന്ത്യയില്‍നിന്നുള്ള ഒമ്പത് നൊബേല്‍ സമ്മാന ജേതാക്കളില്‍ എട്ടു പേരും ബ്രാഹ്മണരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.60 രാഷ്ട്രങ്ങളുടെ ഭരണഘടന പഠിച്ച ശേഷമാണ് ഇന്ത്യന്‍ ഭരണഘടനയുടെ കരട് രൂപം തയാറാക്കിയതെന്ന് നിങ്ങള്‍ക്കറിയാമോ. ആ കരട് രൂപം ഡോ. അംബേദ്കര്‍ക്ക് മുമ്പാകെ അവതരിപ്പിച്ചത് ആരെന്നറിയാമോ. ഭരണഘടനയെ സംബന്ധിച്ച കാര്യങ്ങളില്‍ അംബേദ്കറിന്റെ പേര് വലിയ ബഹുമാനത്തോടെയാണ് നമ്മള്‍ കാണുന്നത്. എന്നാല്‍, കരട് രൂപം തയാറാക്കിയത് ബി.എന്‍. റാവു എന്ന ബ്രാഹ്മണനാണെന്ന് അംബേദ്കര്‍ തന്നെ പറഞ്ഞിട്ടുണ്ട് ത്രിവേദി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കൂടി പങ്കെടുത്ത ചടങ്ങിലാണു രാജേന്ദ്ര ത്രിവേദിയുടെ പ്രസ്താവന. ബ്രാഹ്മണരാണു മറ്റുള്ളവരെ ഉന്നതിയിലേക്ക് ഉയര്‍ത്തുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അംബേദ്കറിനെ ഉയര്‍ത്തിയത് റാവുവാണെന്നും സ്പീക്കര്‍ അവകാശപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍