ഗവര്‍ണറുടെ സുരക്ഷ കൂട്ടി, രാജ്ഭവന്‍ പ്രത്യേക സുരക്ഷാ മേഖല

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള വിവാദങ്ങളെത്തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ ഇസഡ് പ്ലസ് കാറ്റഗറിയാക്കി. സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന് മാത്രമായിരുന്നു ഈ സുരക്ഷ ഉണ്ടായിരുന്നത്. രാജ്ഭവനും പരിസരവും പ്രത്യേക സുരക്ഷാ മേഖലയാക്കിയും മാറ്റി. ഇത് വ്യക്തമാക്കുന്ന ബോര്‍ഡും രാജ്ഭവന് മുന്നില്‍ സ്ഥാപിച്ചു. ഇസഡ് കാറ്റഗറി സുരക്ഷയാണ് ഗവര്‍ണര്‍ക്കുണ്ടായിരുന്നത്. സംസ്ഥാനത്തിന് പുറത്തുപോകുമ്പോഴും കര്‍ശന സുരക്ഷയായിരിക്കും ഗവര്‍ണര്‍ക്ക്. ഗവര്‍ണര്‍ക്കുനേരെ കടുത്ത പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമുണ്ട്. സുരക്ഷ കൂട്ടിയതോടെ ഗവര്‍ണര്‍ക്കൊപ്പമുള്ള സായുധ പൊലീസുദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിക്കും. അകമ്പടിക്ക് കൂടുതല്‍ വാഹനങ്ങളുണ്ടാവും. രാജ്ഭവന്റെ സുരക്ഷയ്ക്കായി 58 പൊലീസുകാരാണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്. ഗവര്‍ണര്‍ സംസ്ഥാനത്തിനകത്ത് സഞ്ചരിക്കുമ്പോള്‍ കേരള പൊലീസ് സുരക്ഷയൊരുക്കും. കേരളത്തിനു പുറത്തു പോകുമ്പോള്‍ അതത് സംസ്ഥാനങ്ങള്‍ക്കാണ് ചുമതല. ഗവര്‍ണര്‍ക്കൊപ്പം എഡിസിയായി രണ്ടുപേരുണ്ടാകും. കേരള കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ എസ്.പി അരുള്‍ ബി. കൃഷ്ണയും നാവികസേനയില്‍ നിന്നുള്ള ഉദ്യോഗസ്ഥനുമാണ് എഡിസിമാര്‍. രാജ്ഭവന്‍ പ്രത്യേക സുരക്ഷാ മേഖലയാക്കിയതോടെ, പ്രതിഷേധ സമരങ്ങള്‍ അകലെ വച്ചുതന്നെ തടയും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍