അഞ്ച് മാസങ്ങള്‍ക്കു ശേഷം കശ്മീരില്‍ ഇന്റര്‍നെറ്റ് ഭാഗികമായി പുനസ്ഥാപിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ദീര്‍ഘമായ അഞ്ച് മാസങ്ങള്‍ക്കു ശേഷം ഇന്റര്‍നെറ്റ് സംവിധാനം ഭാഗീകമായി പുനസ്ഥാപിച്ചു. എന്നാല്‍ സാമൂഹികമാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണം തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍, അവശ്യസേവനങ്ങള്‍ക്കായുള്ള സൈറ്റുകള്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയവയുടെ നിയന്ത്രണമാണ് പിന്‍വലിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റിന്റെ ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് ഉത്തരവാദിത്വമുണ്ടായിരിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള മധ്യ കശ്മീരിലാണ് ആദ്യപടിയായി ഇന്റര്‍നെറ്റ് വിലക്ക് നീക്കിയിരിക്കുന്നത്. വടക്കന്‍ കശ്മീരിലെ കുപ്‌വാര, ബന്ദിപോര, ബാരാമുള്ള എന്നിവിടങ്ങളില്‍ നാളെ ഇന്റര്‍നെറ്റ് വിലക്ക് നീക്കും. തെക്കന്‍ കാഷ്മീരിലെ പുല്‍വാമ, കുല്‍ഗാം, ഷോപ്പിയാന്‍ എന്നിവിടങ്ങളില്‍ രണ്ട് ദിവസത്തിനു ശേഷമാകും വിലക്ക് നീക്കുക. ജമ്മു കശ്മീരിന് പ്രത്യേക സംസ്ഥാന പദവി നല്‍കിയിരുന്ന 370ാം അനുച്ഛേദം പിന്‍വലിച്ച് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിനൊപ്പമാണ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത്. മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പടെ അഞ്ഞൂറോളം രാഷ്ട്രീയ നേതാക്കളെയും ഇനിയും തടവില്‍ നിന്നു സ്വതന്ത്രരാക്കിയിട്ടില്ല. മുന്‍ മുഖ്യമന്ത്രിയും എംപിയുമായ ഫറൂക്ക് അബ്ദുള്ളയെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പോലും പങ്കെടുക്കാന്‍ അനുവദിച്ചിരുന്നില്ല. വാര്‍ത്താ വിനിമയ മാര്‍ഗങ്ങളെല്ലാം തന്നെ നിലച്ച് ദിനപത്രങ്ങളോ വാര്‍ത്താ ചാനലുകളോ പ്രവര്‍ത്തിക്കാനാത്ത വിധത്തിലേക്ക് സ്ഥിതി മാറിയിരുന്നു. വിവിധ പരീക്ഷകള്‍ക്ക് അപേക്ഷിക്കാനാകാതെ വിദ്യാര്‍ഥികളും പാസ്‌പോര്‍ട്ട്, ലൈസന്‍സ് തുടങ്ങിയവയ്ക്ക് അപേക്ഷിക്കാനാകാതെ പൊതുജനങ്ങളും ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് നിരോധനത്തില്‍ നട്ടം തിരിയുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍