രാജ്യത്താദ്യമായി പൗരത്വ നിയമം നടപ്പാക്കാന്‍ ഉത്തര്‍പ്രദേശ് , നടപടിക്രമങ്ങള്‍ ആരംഭിച്ചു

ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തുടരുന്നതി നിടെ,രാജ്യത്താദ്യമായി നിയമം നടപ്പാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആരംഭിച്ചു. ആദ്യപടിയായി പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരായ ഹിന്ദു, സിക്ക്, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍, ബുദ്ധ വിഭാഗക്കാരായ അഭയാര്‍ത്ഥികളുടെ കണക്കെടുക്കാന്‍ യു.പി സര്‍ക്കാര്‍ ഉത്തരവിട്ടു. പട്ടിക തയാറാക്കുന്ന മുറയ്ക്ക് ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കും.അയല്‍ രാജ്യങ്ങളില്‍ നിന്ന് നിരവധി പേര്‍ ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ കുടിയേറി വര്‍ഷങ്ങളായി സ്ഥിര താമസക്കാരായുണ്ടെന്ന് ആഭ്യന്തര അഡിഷനല്‍ ചീഫ് സെക്രട്ടറി അവനിഷ് അവസ്തി പറഞ്ഞു. 'പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവുമധികം കുടിയേറ്റക്കാരുള്ളത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവര്‍ കുറവാണ്. ആദ്യമായാണു രാജ്യത്ത് ഇത്തരത്തില്‍ പട്ടിക തയാറാക്കുന്നത്. അര്‍ഹരായവര്‍ക്ക് പൗരത്വം നല്‍കും.' അദ്ദേഹം പറഞ്ഞു. ലക്‌നൗ, ഹാപുര്‍, റാംപുര്‍, ഷാജഹാന്‍പുര്‍, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് കൂടുതല്‍ കുടിയേറ്റക്കാരുള്ളത്. പട്ടിക തയാറാക്കി യഥാര്‍ത്ഥ കുടിയേറ്റക്കാരെ കണ്ടെത്തി ഇന്ത്യന്‍ പൗരത്വം നല്‍കും. കുടിയേറ്റക്കാരായ മുസ്ലീങ്ങളുടെ പട്ടികയും തയാറാക്കുന്നുണ്ട്. ഇത് ആഭ്യന്തര വകുപ്പിനു കൈമാറും. അഭയാര്‍ത്ഥികളായ മുസ്ലീങ്ങളെ പുറത്താക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെന്നു സര്‍ക്കാര്‍ അറിയിച്ചു.പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയതോതിലുള്ള പ്രതിഷേധങ്ങളാണ് യു.പിയില്‍ നടന്നത്. 28 പേര്‍ കൊല്ലപ്പെട്ടെന്നാണു റിപ്പോര്‍ട്ടുകള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍