കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; അച്ഛനും മക്കള്‍ക്കും ദാരുണാന്ത്യം

 ഇരിങ്ങാലക്കുട: കൊറ്റനെല്ലൂരില്‍ ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് നടന്നു മടങ്ങുകയായിരുന്നവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി അച്ഛനും മക്കളും ഉള്‍ പ്പെടെ നാലുപേര്‍ മരിച്ചു. കൊറ്റനെല്ലൂര്‍ പള്ളിക്കടുത്ത് പേരാമ്പുള്ളി ശങ്കരന്‍ മകന്‍ സുബ്രന്‍ (56), മകള്‍ പ്രജിത (23), കണ്ണന്തറ ബാബു (58), മകന്‍ വിബിന്‍ (28) എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിക്കു ശേഷമായിരുന്നു അപകടം. തുമ്പുര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് ഇവര്‍ മടങ്ങുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുമ്പുര്‍ വെള്ളാങ്ങല്ലൂര്‍ റോഡില്‍ കോണ്‍ഗ്രസ് ഓഫീസിന് സമീപമായിരുന്നു അപകടം. വെളളാങ്ങല്ലൂര്‍ ഭാഗത്തുനിന്നുവന്ന കാര്‍ നിയന്ത്രണംവിട്ട് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും സു ബ്രനും ബാബുവും വിബിനും രാത്രി തന്നെ മരിച്ചു. തൃശൂര്‍ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പ്രജിത പുലര്‍ച്ചെയാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് നിറുത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പൈങ്ങോട്‌വള്ളിവട്ടം സ്വദേശികളായ നാല് ചെറുപ്പക്കാരാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍