ബംഗാള്‍ ഉത്തര്‍പ്രദേശല്ല; ബിജെപി നേതാവിനു മറുപടിയുമായി മമത

 കൊല്‍ക്കത്ത: പൊതു മുതല്‍ നശിപ്പിക്കുന്നവരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പട്ടിയെപ്പോലെ വെടിവച്ചെന്ന പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. ബംഗാള്‍ ഉത്തര്‍പ്രദേശല്ല എന്നാണ് മമതയുടെ പ്രതികരണം. ഇത് അപമാനകരമാണ്. എങ്ങനെയാണ് നിങ്ങള്‍ക്ക് ഇങ്ങനെ പറയാന്‍ കഴിയുന്നത്. നിങ്ങളുടെ പേര് പറയുന്നതേ മോശമാണ്. നിങ്ങള്‍ വെടിവയ്പിനെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഉത്തര്‍പ്രദേശല്ല. ഇവിടെ വെടിവയ്പ് നടക്കില്ല. നാളെ ഇവിടെയെന്തെങ്കിലും നടന്നാല്‍ താങ്കളും ഒരേ പോലെ ഉത്തരവാദിയാണെന്ന് ഓര്‍മ്മ വേണമെന്നും മമത പറഞ്ഞു. പ്രതിഷേധിക്കുന്ന മനുഷ്യരെ വെടിവച്ചു കൊല്ലുകയാണോ വേണ്ടതെന്നും മമത ചോദിച്ചു. ബംഗാളിലെ നാദിയ ജില്ലയില്‍ ബിജെപി റാലിക്കിടെയായിരുന്നു ദിലീപ് ഘോഷിന്റെ വിവാദ പ്രസ്താവന. പ്രതിഷേധക്കാര്‍ നശിപ്പിക്കുന്ന പൊതുമുതല്‍ ആരുടെയാണെന്നാണ് അവര്‍ കരുതുന്നതെന്നും ദിപീല് ചോദിച്ചു. അവരുടെ തന്തയുടെ വകയാണോ. പൊതുമുതല്‍ നികുതിദായകരുടെയാണ്. നിങ്ങള്‍ ഇവിടെവന്ന്, ഞങ്ങളുടെ ഭക്ഷണം കഴിച്ച്, ഇവിടെ താമസിച്ച്, ഞങ്ങളുടെ പൊതുമുതല്‍ നശിപ്പിക്കുന്നു. ഇതാണോ നിങ്ങളുടെ രീതി. ഞങ്ങള്‍ നിങ്ങളെ ലാത്തിക്ക് അടിക്കും. വെടിവയ്ക്കും, ജയിലില്‍ തള്ളുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍