ഇന്റര്‍നെറ്റ് മൗലികാവകാശം :കശ്മീരിലെ നിയന്ത്രണങ്ങള്‍ പുന:പരിശോധിക്കണം

ന്യൂഡല്‍ഹി: കാശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണമേര്‍പ്പെടുത്തിയത് ഉടന്‍ പുനപരിശോധിക്കണമെന്ന് സുപ്രീം കോടതി. ഏഴ് ദിവസങ്ങള്‍ കൂടുമ്പോള്‍ നിയന്ത്രണം അവലോകനം ചെയ്യണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ഏകപക്ഷീയമായ അധികാര പ്രയോഗങ്ങളിലൂടെ മൗലികാവകാശങ്ങള്‍ റദ്ദാക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് സുപ്രീം കോടതി വിധി.ഇന്റര്‍നെറ്റിനുള്ള അവകാശം അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലിക അവകാശത്തില്‍ ഉള്‍പ്പെടുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇന്റര്‍നെറ്റ് സേവനം ആവിഷ്‌ക്കാര സ്വതന്ത്ര്യത്തിന്റെ പരിധിയില്‍പ്പെടുന്നതാണ്. സാഹചര്യങ്ങള്‍ക്ക് ആനുപാതികമായി വേണം ഇന്റര്‍നെറ്റ് വിലക്കാന്‍. അനിശ്ചിതകാലത്തേക്ക് വിലക്ക് അനുവദനീയമല്ല. കശ്മീരില്‍ സുരക്ഷയും സ്വാതന്ത്ര്യവും തുല്യമായി പരിഗണിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.ജസ്റ്റീസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ജസ്റ്റീസുമാരായ ആര്‍. സുഭാഷ് റെഡ്ഡി, ബി. ആര്‍ ഗവായ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചത്, ഇന്റര്‍നെറ്റ് ബന്ധം റദ്ദാക്കിയത് ഉള്‍പ്പടെയുള്ളവയെ ചോദ്യം ചെയ്തുള്ള ഹര്‍ജി യിലാണ് സുപ്രധാന വിധിയുണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിന്‍ എന്നിവരായിരുന്നു ഹര്‍ജിക്കാര്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍