പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ; 'അയല്‍വാശി'

താര സഹോദരന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും ഏറെക്കാലത്തിന് ശേഷം തുല്യ പ്രാധാന്യമുള്ള വേഷങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയില്‍ ഒന്നിക്കുന്നു.നവാഗതനായ ഇര്‍ഷാദ് പെരാരി സംവിധാനം ചെയ്യുന്ന അയല്‍വാശിയിലാണ് ഇരുവരും ഒന്നിക്കുന്നത്. രണ്ട് അയല്‍വാസികള്‍ തമ്മിലുള്ള വാശിയുടെയും കിടമത്സരത്തിന്റെയും കഥ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറില്‍ ആരംഭിക്കും.
ബ്‌ളെസിയുടെ ആട് ജീവിതം പൂര്‍ത്തിയാക്കിയ ശേഷം പൃഥ്വിരാജ് അയല്‍വാശിയില്‍ ജോയിന്‍ ചെയ്യും. വിവിധ ഗെറ്റപ്പുകളില്‍ പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്ന ആട് ജീവിതം മൂന്ന് ഘട്ടങ്ങളിലായി നൂറ് ദിവസം കൊണ്ട് പൂര്‍ത്തിയാകും. ആടു ജീവിതത്തിനുവേണ്ടി ശരീരഭാരം കുറച്ച പൃഥ്വിരാജ് ഈ ചിത്രത്തിനുവേണ്ടി തല മുണ്ഡനം ചെയ്യുന്നുമുണ്ട്. ചിത്രത്തിന്റെ ഇനിയുള്ള ചിത്രീകരണം ഏറിയപങ്കും ജോര്‍ഡാനിലാണ് നടക്കുക.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നായിരിക്കും അയല്‍വാശി നിര്‍മ്മിക്കുകയെന്നറിയുന്നു. ലൂസിഫറില്‍ പൃഥ്വിരാജിന്റെ സഹസംവിധായകനായിരുന്നു ഇര്‍ഷാദ് പെരാരി. ലൂസിഫറില്‍ ഇന്ദ്രജിത്ത് ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചിരുന്നുവെങ്കിലും പൃഥ്വിരാജുമായി കോമ്പിനേഷന്‍ രംഗങ്ങളില്ലായിരുന്നു.
നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണിയിലാണ് ഇരുവരും ഒടുവില്‍ തുല്യപ്രാധാന്യമുള്ള വേഷങ്ങള്‍ അവതരിപ്പിച്ചത്. വടംവലിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ആഹാ, ഹലാല്‍ ലവ് സ്റ്റോറി, ദുല്‍ഖര്‍ സല്‍മാന്‍ ടൈറ്റില്‍ റോളിലെത്തുന്ന കുറുപ്പ് എന്നീ ചിത്രങ്ങള്‍ ഇന്ദ്രജിത്ത് പൂര്‍ത്തിയാക്കികഴിഞ്ഞു. ദുല്‍ഖറിനൊപ്പം ഇന്ദ്രജിത്ത് ഇതാദ്യമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍