ഇന്ദിരയെ നാല് ദിവസം നിര്‍ഭയ കേസ് പ്രതികളുടെ കൂടെ ജയിലിലിടണം, അപ്പോള്‍ മനസിലാകും: കങ്കണ

മുംബൈ: സോണിയ ഗാന്ധിയെ മാതൃകയാക്കി, വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് നിര്‍ഭയയുടെ അമ്മ മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ബോളിവുഡ് താരം കങ്കണ. ഇവരെ പോലെയുള്ളവരാണ് ഇതുപോലെയുള്ള കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും കങ്കണ പറഞ്ഞു.
ഇന്ദിര ജെയ്‌സിങിനെ നിര്‍ഭയ കേസ് പ്രതികള്‍ക്കൊപ്പം നാല് ദിവസം ജയിലില്‍ അടയ്ക്കണമെന്നും നടി പറഞ്ഞു. കുറ്റവാളികളോട് ക്ഷമിക്കണമെന്ന് ആശാ ദേവിയോട് ആവശ്യപ്പെടുന്ന ജെയ്‌സിങിന്റെ ട്വീറ്റ് ചൂണ്ടിക്കാട്ടിയ താരം, അത്തരമൊരു ആവശ്യം ഉന്നയിക്കാന്‍ അവര്‍ക്ക് എങ്ങനെ ധൈര്യമുണ്ടായെന്നും ചോദിച്ചു. ഇന്ദിര ഇതുവരെ നിര്‍ഭയയുടെ മാതാപിതാക്കളെ കണ്ടിട്ടില്ലെന്നും അവരുടെ അവസ്ഥ എന്താണെന്ന് മനസിലാക്കാന്‍ മുതിര്‍ന്നിട്ടില്ലെന്നും എന്നിട്ട് ഇപ്പോള്‍ അവര്‍ ആ കൊടുംകുറ്റവാളികള്‍ക്ക് വേണ്ടി വാദിക്കുകയാണെന്നും കങ്കണ കുറ്റപ്പെടുത്തി. ബലാത്സംഗക്കാരെ പിന്തുണച്ച് ഉപജീവനമാര്‍ഗം നടത്തുന്ന ഇവരെപ്പോലുള്ളവര്‍ കാരണം ഈ രാജ്യത്ത് ഇരകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും കങ്കണ ആരോപിച്ചു.
കുറ്റവാളികളെ പ്രായപൂര്‍ത്തിയാകാത്തവരെന്ന് വിളിക്കരുതെന്നും ഇത്രയും വലിയ ക്രൂരകൃത്യം നടത്തിയവര്‍ക്ക് പ്രായവുമായി യാതൊരു ബന്ധവുമില്ലെന്നും കങ്കണ അഭിപ്രായപ്പെട്ടു. ആ പ്രായത്തിലുള്ളവര്‍ ബലാത്സംഗവും വൃത്തികെട്ട കുറ്റകൃത്യങ്ങളും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍, കുറ്റവാളികളുടെ പ്രായപരിധി നിശ്ചയിച്ചതാരെന്നും അവര്‍ ചോദിച്ചു. ഇവരുടെ ശിക്ഷ നടപ്പാക്കുന്നത് എല്ലാവര്‍ക്കുമൊരു താക്കീതാകണം. അതിന് വേണ്ടി പ്രതികളെ പൊതുജനങ്ങള്‍ക്കിടയില്‍ വച്ച് മരണം വരെ തൂക്കിക്കൊല്ലണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍