ജെ.എന്‍.യുവിലെ 'മുഖംമൂടി'ക്കാരിയെ തിരിച്ചറിഞ്ഞെന്ന് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: മുഖംമൂടി ധരിച്ചുകൊണ്ട് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ പെരിയാര്‍, സബര്‍മതി ഹോസ്റ്റലുകളില്‍ അക്രമം നടത്തിയ വിദ്യാര്‍ത്ഥിനിയെ തിരിച്ചറിയാന്‍ സാധിച്ചുവെന്ന് ഡല്‍ഹി പൊലീസ്. ഡല്‍ഹി സര്‍വകലാശാലയില്‍ പേടിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് മുഖം മറച്ച മറ്റുള്ളവര്‍ക്കൊപ്പം വിദ്യാര്‍ത്ഥികളെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഈ പെണ്‍കുട്ടിയുടെ പേര് പുറത്തുവിടാന്‍ പൊലീസ് തയാറായിട്ടില്ല. ആക്രമണം നടത്തിയ പെണ്‍കുട്ടിയുടെ മുഖം മറച്ച തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും ഇടത് ആഭിമുഖ്യമുള്ള സംഘടനകളും മാദ്ധ്യമങ്ങളും പുറത്തുവിട്ടിരുന്നു. ജനുവരി അഞ്ചാം തീയതിയാണ് ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ അക്രമ സംഭവങ്ങള്‍ ഉണ്ടായത്. ആക്രമണത്തില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന്, പുറത്തുനിന്നും ക്യാമ്പസില്‍ എത്തിയ എ.ബി.വി.പി പ്രവര്‍ത്തകരാണ് തങ്ങളെ ആക്രമിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. മുമ്പും തങ്ങള്‍ക്ക് നേരെ ഇതേമട്ടില്‍ അക്രമം നടന്നിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. എന്നാല്‍ എ.ബി.വി.പി ഈ ആരോപണം നിഷേധിക്കുകയാണ് ഉണ്ടായത്. തങ്ങള്‍ക്കുനേരെ അതിക്രമം ഉണ്ടായപ്പോള്‍ ഡല്‍ഹി പൊലീസും നിഷ്‌ക്രിയരായി നോക്കി നില്‍ക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഐഷി ഘോഷ് അടക്കമുള്ള 19 വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജെ.എന്‍.യു ഭരണസമിതി നല്‍കിയ പരാതികള്‍ക്ക് പിറകെ ഡല്‍ഹി പൊലീസ് കേസെടുക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍