വിദേശികള്‍ പുതിയ സിവില്‍ ഐഡി സ്വന്തമാക്കണം; വ്യാജപ്രചാരണമെന്ന് കുവൈത്ത്

കുവൈത്ത്:കുവൈത്തില്‍ പാസ്‌പ്പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കര്‍ ഉള്ള വിദേശികള്‍ പുതിയ സിവില്‍ ഐഡി സ്വന്തമാക്കണമെന്ന പ്രചാരണം അധികൃതര്‍ നിഷേധിച്ചു. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പാസി) ആണ് വ്യാജ പ്രചാരണം നിഷേധിച്ചു രംഗത്തെത്തിയത്. പാസ്‌പ്പോര്‍ട്ടില്‍ പതിച്ചിട്ടുള്ള ഇഖാമ സ്റ്റിക്കറിനു ഇപ്പോഴും സാധുത ഉണ്ടെന്നും ഇത്തരത്തില്‍ സ്റ്റിക്കര്‍ പതിച്ച പാസ്സ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്കു യാത്ര ചെയ്യുന്നതിന് സിവില്‍ ഐഡി നിര്‍ബന്ധമില്ലെന്നും പാസി അധികൃതര്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ വര്‍ത്തയോടുള്ള പ്രതികരണമായാണ് പാസി ഇക്കാര്യം വിശദീകരിച്ചത്. ഇഖാമ സ്റ്റിക്കര്‍ സമ്പ്രദായം ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം പ്രാബല്യത്തിയാകുന്നതിനു മുന്‍പ് ഇഖാമ പുതുക്കിയവര്‍ക്കു ഇഖാമ സ്റ്റിക്കര്‍ ഉള്ള പാസ്സ്‌പോര്‍ട്ട് ഉപയോഗിച്ച് തന്നെ വിദേശ യാത്രകള്‍ അനുവദിക്കുന്നതാണ്. എന്നാല്‍ സ്റ്റിക്കര്‍ പതിക്കാതെ ഇഖാമ രേഖകള്‍ സിവില്‍ ഐഡിയുമായി ബന്ധിപ്പിച്ചവര്‍ക്ക് എമിഗ്രെഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ സിവില്‍ ഐഡി നിര്ബന്ധമാണ്. 2019 മാര്‍ച്ച് പത്ത് മുതലാണ് ഇഖാമ സ്റ്റിക്കര്‍ സമ്പ്രദായം താമസകാര്യമന്ത്രാലയം എടുത്തു മാറ്റിയത്. മുഴുവന്‍ ഇഖാമ വിവരങ്ങളും സിവില്‍ ഐഡി കാര്‍ഡുകളില്‍ ഉള്‍ക്കൊള്ളിക്കുന്ന സംവിധാനമാണ് പകരം നടപ്പാക്കിയത്. എമിഗ്രെഷന്‍ നടപടികള്‍ക്ക് സിവില്‍ ഐഡി നിര്‍ബന്ധമാക്കിയത് തുടക്കത്തില്‍ ചെറിയ രീതിയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നെങ്കിലും അധികൃതര്‍ നടത്തിയ ബോധവക്കരണം ഫലം ചെയ്തു പുതിയ സംവിധാനവുമായി വിദേശികള്‍ പൊരുത്തപ്പെട്ടതായാണ് ഔദ്യോഗിക തലത്തിലുള്ള വിലയിരുത്തല്‍ പുതുതായി സിവില്‍ ഐഡിക്ക് അപേക്ഷിക്കുന്നവര്‍ മുപ്പത് ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും അല്ലാത്ത പക്ഷം പിഴ അടക്കേണ്ടി വരുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍