ഗുരുവായൂരിനെ മികച്ച സൗകര്യങ്ങളുള്ള ക്ഷേത്രനഗരിയാക്കും: മന്ത്രി കടകംപള്ളി

ഗുരുവായൂര്‍: ഗുരുവായൂരിനെ മികച്ച സൗകര്യങ്ങളുള്ള ക്ഷേത്രനഗരിയാക്കി മാറ്റുമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിലെ ഇതര ക്ഷേത്രങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കും വേദപാഠശാലകള്‍ക്കുമുള്ള ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലുള്ള ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി നിരവധി പ്രവര്‍ത്തനങ്ങളാണ് തുടങ്ങിവച്ചിട്ടുള്ളത്. പുതിയതായി വരുന്ന ഭരണസമിതി അതു പൂര്‍ത്തീകരിക്കും. അനാഥരായ അമ്മമാര്‍ക്കു കുറൂരമ്മഭവനം നിര്‍മാണം തുടങ്ങിയിട്ടുണ്ട്. ഇത് അവസാന ഘട്ടത്തിലാണ്. മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രി ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ ഭരണസമിതി നടപ്പിലാക്കും. ക്ഷേത്രവികസനങ്ങള്‍ക്ക് ഏറ്റവുമധികം തുക നല്കിയിട്ടുള്ളതു പിണറായി സര്‍ക്കാരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കെവി. അബ്ദുള്‍ ഖാദര്‍ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എസ്. രേവതി എന്നിവര്‍ മുഖ്യാതിഥികളായി. ദേവസ്വം ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, പി.ഗോപിനാഥന്‍, കെ.കെ. രാമചന്ദ്രന്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, എം.വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ എസ്. വി. ശിശിര്‍ എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ 737 ക്ഷേത്രങ്ങള്‍ക്കും 35 അനാഥാലയങ്ങള്‍ക്കും 15 വേദപാഠശാലകള്‍ക്കുമായി നാലുകോടിയിലേറെ രൂപയാണ് ഗുരുവായൂര്‍ ദേവസ്വം സഹായമായി നല്കിയത്. ഗുരുവായൂര്‍ ദേവസ്വം ലൈബ്രറി ഡിജിറ്റൈസേഷന്‍ ഉദ്ഘാടനവും മന്ത്രി നി ര്‍വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍