ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റും മകളും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

 കാലിഫോര്‍ണിയ: അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് (41) ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. അദ്ദേഹത്തിന്റെ 13 വയസുള്ള മകള്‍ ഗിയാന്ന മരിയ ഒണോറ ബ്രയാന്റ് ഉള്‍പ്പടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒന്‍പതുപേരും അപകടത്തില്‍ മരണപ്പെട്ടതായാണ് വിവരം. കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് കോബി ബ്രയാന്റ് മരിച്ചത്.മകള്‍ ജിയാനയെ ബാസ്‌കറ്റ് പരിശീലനത്തിന് കൊണ്ടുപോകും വഴിയാണ് അപകടം ഉണ്ടായത്. ഞായറാഴ്ച ഇവിടെ യുവതാരങ്ങള്‍ക്കുള്ള ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ടൂര്‍ണമെന്റ് റദ്ദാക്കി. ബ്രയാന്റോയ്‌ക്കൊപ്പം ഹെലികോപ്റ്ററില്‍ കൂടെയുണ്ടായിരുന്ന മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. കോബിന്റെയും മകളുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കോബിന്റെ സ്വകാര്യ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. അപകടവിവരം അറിഞ്ഞതിന് പിന്നാലെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയെങ്കിലും ആരെയും ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് തവണ എന്‍.ബി.എ ചാമ്പ്യനായ ബ്രയാന്റ് അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ക്ലബ് ആയ ലോസ് ഏഞ്ചല്‍സിന്റെ പ്രമുഖ കളിക്കാരനായിരുന്നു. 18 തവണ ഓള്‍സ്റ്റാര്‍ പുരസ്‌കാരം നേടിയ താരം കൂടിയാണ് ബ്രയന്റ്. ബാസ്‌കറ്റ് ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായാണ് കോബ് ബ്രയന്റിനെ ലോകം വിലയിരുത്തുന്നത്.മൂടല്‍ മഞ്ഞ് കാരണം നാവിഗേഷന്‍ സിസ്റ്റം തെറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍