ടൂറിസം ഇടനാഴി പരിഗണനയില്‍: മന്ത്രി ടി.പി. രാമകൃഷ്ണന്‍

കോഴിക്കോട്: അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഇരിങ്ങല്‍ സര്‍ഗാലയെയും ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെയും ഉള്‍പ്പെടുത്തി ടൂറിസം കോറിഡോര്‍ രൂപീകരിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഇരിങ്ങല്‍ സര്‍ഗാലയയില്‍ അന്താഷ്ട്ര കരകൗശല പ്രദര്‍ശനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഇന്ത്യയില്‍ കരകൗശല വിനോദസഞ്ചാര മേഖലയിലെ പ്രധാന സ്ഥലമായി സര്‍ഗാലയ മാറി കഴിഞ്ഞു. കരകൗശല മേഖലയില്‍ സര്‍ഗാലയ കടല്‍ കടന്നുള്ള പെരുമയും നേടിക്കഴിഞ്ഞു. കേരളത്തിന്റെ കൈത്തറി വിദേശികളെ ആകര്‍ഷിക്കുകയാണ്. നമ്മുടെ പരമ്പരാഗതമായ കലകള്‍ അന്യം നിന്നുപോകാതെ സംരക്ഷിക്കേണ്ടതുണ്ട്. പരമ്പരാഗത കലകളുടെ ഉണര്‍വിന് സര്‍ക്കാര്‍ എല്ലാ സഹായവും നല്കും. അതിന്റെ പാരമ്പര്യം തകരാതെ സംരക്ഷിക്കാന്‍ വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരികയാണ്. സ്‌കൂള്‍ യൂണിഫോം കൈത്തറിയാക്കിയത് വലിയ ഉണര്‍വാണ് ഈ മേഖലയിലുണ്ടാക്കിയത്.സ്വയംതൊഴില്‍ കണ്ടെത്താനുള്ള മേഖല കൂടിയാണ് കരകൗശല മേഖലയെന്നും മന്ത്രി പറഞ്ഞു. 19 ദിവസം നീണ്ടു നിന്ന അന്താരാഷ്ട്ര കരകൗശലമേളയില്‍ സ്ഥിരം സ്റ്റാളുകള്‍ കൂടാതെ 212 പവലിയനുകളാണ് ഒരുക്കിയത്. കെ ദാസന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍