ഇന്ത്യന്‍ മുസ്‌ലിംകളെ തൊടാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ലെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: സാമുദായിക വിഭജനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ശക്തികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യന്‍ മുസ്‌ലിംകളെ തൊടാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം (സി.എ.എ), ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി), ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) എന്നിവ നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ക്കെതിരെ രാജ്യം മുഴുവന്‍ ശക്തമായ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രസ്താവന. മീററ്റില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ മതപരമായ വിവേചനങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ പോരാടുകയും ദുരിതപൂര്‍ണമായ ജീവിതം നയിക്കുകയുമാണ്. ഈ നിയമം കൊണ്ടുവന്നതിലൂടെ ഇന്ത്യ ധാര്‍മ്മിക ബാധ്യത നിറവേറ്റുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍.ആര്‍.സിയെയും എന്‍.പി.ആറിനെയും എതിര്‍ക്കുന്ന പ്രതിഷേധക്കാരെ ചോദ്യം ചെയ്ത അദ്ദേഹം, ഈ നിയമങ്ങള്‍ മൂലം മുസ്‌ലിംകള്‍ ഇന്ത്യയില്‍ നിന്ന് പുറത്താകുമെന്ന ആശങ്ക അസ്ഥാനത്താണെന്നും പറഞ്ഞു.''എന്‍.ആര്‍.സിയെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. പക്ഷേ, ഒരു രാജ്യം പൗരന്മാരുടെ ദേശീയ രജിസ്റ്റര്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കരുതുക, എന്തിന് ഇതിനെ എതിര്‍ക്കണം സര്‍ക്കാര്‍ പദ്ധതികളിലൂടെ ആനുകൂല്യങ്ങള്‍ തേടുന്നതിന് ജനങ്ങള്‍ക്ക് ഒരു രേഖ ആവശ്യമല്ലേ . എന്നാല്‍ അവര്‍ പറയുന്നത് നിങ്ങള്‍ എന്‍.പി.ആര്‍ രജിസ്റ്റര്‍ ചെയ്യുകയാണെന്നും തുടര്‍ന്ന് നിങ്ങള്‍ എന്‍.ആര്‍.സി കൊണ്ടുവന്ന് എല്ലാ മുസ്‌ലിംകളെയും പുറത്താക്കുമെന്നുമാണ്. ഇന്ത്യന്‍ പൗരനായ ഒരു മുസ്‌ലിമിനെയും തൊടാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഇവിടെയുള്ള മുസ്‌ലിംകളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അവര്‍ക്ക് ഞങ്ങളുടെ അടുത്തേക്ക് വരാം... ഞങ്ങള്‍ ആ മുസ്‌ലിം പൗരനോടൊപ്പം നില്‍ക്കും,' രാജ്‌നാഥ് സിങ് പറഞ്ഞു.അയല്‍രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളോട് അനുഭാവമുള്ള ഒരു ഇന്ത്യന്‍ സര്‍ക്കാരിനെയാണ് മഹാത്മാ ഗാന്ധി പോലും ആഗ്രഹിച്ചിരുന്നത്. ഗാന്ധിജി പറഞ്ഞത് ഞങ്ങള്‍ ചെയ്തു (സി.എ.എ). ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത് സി.എ.എയുടെ വിഷയത്തില്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന ചില ശക്തികളുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍