മിഡില്‍ ഈസ്റ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ വന്‍ കുറവ്

യു.എ.ഇ: മിഡില്‍ ഈസ്റ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ കുറവ് രേഖപ്പെടുത്തി. പോയ നാല് വര്‍ഷങ്ങള്‍ക്കിടെയുള്ള ഏറ്റവും കുറഞ്ഞ തോതാണ് കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ രേഖപ്പെടുത്തിയത്. ഒപെക് കൂട്ടായ്മാ രാഷ്ട്രങ്ങള്‍ ഉല്‍പാദന നിയന്ത്രണം ഏര്‍പ്പെടുത്തിയതും അമേരിക്കയുടെ ഇറാന്‍ ഉപരോധവും ഇന്ത്യയുടെ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയിലെ കുറവിന് കാരണമായതായി ചൂണ്ടികാണിക്കപ്പെടുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉപഭോഗ രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയുടെ എണ്ണയാവശ്യത്തിന്റെ എണ്‍പത്തി നാല് ശതമാനവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. പോയ വര്‍ഷം മൊത്തം ഇറക്കുമതിയുടെ അറുപത് ശതമാനം മാത്രമാണ് മിഡില്‍ ഈസ്റ്റില്‍ നിന്ന് നടത്തിയത്. തൊട്ട് മുമ്പത്തെ വര്‍ഷം ഇത് അറുപത്തിയഞ്ച് ശതമാനമായിരുന്നു. രണ്ടായിരത്തി പതിനഞ്ചിന് ശേഷം മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ഇത്രയും കുറവ് വരുന്നത് ഇത് ആദ്യമാണ്. കഴിഞ്ഞ വര്‍ഷം മിഡില്‍ ഈസ്റ്റില്‍ നിന്ന് പ്രതിദിനം 26.8 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പത്ത് ശതമാനം കുറവാണിത്. എന്നാല്‍ പോയ വര്‍ഷം പ്രതിദിനം പതിനെട്ട് ലക്ഷം ബാരല്‍ ക്രൂഡ്ഓയില്‍ മറ്റു മേഖലകളില്‍ നിന്ന ഇന്ത്യന്‍ എണ്ണ കമ്പനികള്‍ ഇറക്കുമതി ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഒപ്പെക് ഇതര എണ്ണയുല്‍പാദക രാഷ്ട്രങ്ങള്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചതും ഒപെക് കൂട്ടായ്മ രാഷ്ട്രങ്ങള്‍ ഉല്‍പാദനത്തില്‍ കുറവ് വരുത്തിയതും മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണയിറക്കുമതിയില്‍ ഇടിവ് സംഭവിക്കുന്നതിന് കാരണമായി. ഒപ്പം ഇറാന് മേല്‍ അമേരിക്കയേര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് ഇവിടുന്നുള്ള ഇറക്കുമതി നിര്‍ത്തി വെച്ചതും ഇടിവിന് കാരണമായതായി ചൂണ്ടികാണിക്കപ്പെടുന്നു. എണ്ണ ഇറക്കുമതിക്ക് മിഡില്‍ ഈസ്റ്റിനെ ആശ്രയിക്കുന്നത് കുറക്കുന്നതിന് ലക്ഷ്യമിട്ട് എണ്ണ ലഭ്യതാ സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിന് ഇന്ത്യ ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസം പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വെളിപ്പെടുത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍