മണ്ണില്‍ ലയിച്ച് മരട് ഫ്‌ളാറ്റുകള്‍


സ്‌ഫോടനത്തില്‍ അനധികൃത ഫ്‌ളാറ്റുകള്‍ തകര്‍ത്തു
കേരളത്തില്‍ ആദ്യം,    ആദ്യം പൊളിച്ചത് 11.17 ന് എച്ച്ടുഒ
പ്രദേശമാകെ പൊടിപടലം,  രണ്ട് ഫ്‌ളാറ്റുകള്‍ നാളെ പൊളിക്കും
കൊച്ചി: മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചു. എച്ച്ടുഒ ഫ്‌ളാറ്റാണ് ആദ്യം പൊളിച്ചത്. പൊടിപടലങ്ങള്‍ അടങ്ങിയ ശേഷം 11.42നാണ് ആല്‍ഫാ ഫ്‌ളാറ്റ് പൊളിച്ചത്. മറ്റ് രണ്ട് ഫ്‌ളാറ്റുകളായ ജെയ്ന്‍, ഗോള്‍ഡന്‍ കായലോരം എന്നിവ ജനുവരി 12 നാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുക. ഇന്ന് 11 മണിയോടെ സ്‌ഫോടനം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചത്. പൊളിക്കുന്നതിന് മുന്നോടിയായി ആദ്യ സൈറണ്‍ 10.30 നായിരുന്നു നിശ്ചയിച്ചത്. 10.32ന് സൈറണ്‍ മുഴങ്ങി. സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി നാവികസേനയുടെ ഹെലികോപ്റ്റര്‍ നിരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് രണ്ടാമത്തെ സൈറണ്‍ വൈകി. 10.55ന് നിശ്ചയിച്ച രണ്ടാമത്തെ സൈറണ്‍ 11.10നാണ് മുഴങ്ങിയത്. അവസാനത്തെ സൈറണ്‍ 11.17 ന് മുഴങ്ങിയതിന് പിന്നാലെയാണ് ആദ്യ ഫ്‌ളാറ്റ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. മിനിറ്റുകള്‍ക്ക് ശേഷം രണ്ടാമത്തെ ഫ്‌ളാറ്റും പൊളിച്ചു. സ്‌ഫോടനത്തിന് പിന്നാലെ പ്രദേശമാകെ പൊടിപടലങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ നടത്തുന്ന നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെയാണ് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത്. ഓരോ ഫ്‌ളാറ്റിലും സ്‌ഫോടനം നടത്തേണ്ട നിലകള്‍ തീരുമാനിച്ച് ഇടഭിത്തികള്‍ പൂര്‍ണമായും നീക്കം ചെയ്ത ശേഷം അവശേഷിക്കുന്ന എല്ലാ തൂണുകളിലും ദ്വാരങ്ങളുണ്ടാക്കിയാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരിക്കുന്നത്. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമല്‍ഷന്‍ സ്‌ഫോടകവസ്തുക്കളടക്കിയ ഓരോ കാഡ്രിജ് വീതമാണ് ഓരോ ദ്വാരങ്ങളിലുമുള്ളത്. 125 ഗ്രാമാണ് ഓരോ കാഡ്രിജിലെയും സ്‌ഫോടക വസ്തുവിന്റെ അളവ്. ഈ സ്‌ഫോടക വസ്തുക്കള്‍ ഡിറ്റണേറ്റിങ് ഫ്യൂസും നോണ്‍ ഇലക്ട്രിക്കല്‍ ഡിറ്റണേറ്ററുമായി ഘടിപ്പിച്ച ശേഷം കളിമണ്ണ് ഉപയോഗിച്ചാണ് ഓരോ ദ്വാരവും അടച്ച് സുരക്ഷിതമാക്കിയിട്ടുള്ളത്. സ്‌ഫോടകവസ്തു ജ്വലിപ്പിക്കുകയാണ് ഡിറ്റണേറ്റിങ് ഫ്യൂസിന്റെയും നോണ്‍ ഇലക്ട്രിക്കല്‍ ഡിറ്റണേറ്ററിന്റെയും കടമ. ഓരോ തൂണുകളിലെ ദ്വാരങ്ങളില്‍നിന്നുള്ള നോണലുകള്‍ മുഖ്യ ട്രങ്ക് ലൈനിലേക്ക് ബന്ധിപ്പിച്ച ശേഷം ഇവ ഇലക്ട്രിക് ഡിറ്റണേറ്ററിലേക്ക് ഘടിപ്പിക്കുക എന്നതാണ് ഫ്‌ളാറ്റിനുള്ളിലെ അവസാന നടപടി. മരടില്‍ സ്‌ഫോടനം നടക്കുന്ന ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ കര, ജലം, വായു മാര്‍ഗങ്ങള്‍ക്കും ബാധകമായിരിക്കുമെന്നു ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു.ഇന്ന് രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണു നിരോധനാജ്ഞ. സ്‌ഫോടനം കാണേണ്ടവര്‍ക്ക് 200 മീറ്ററിന് പുറത്തുനിന്നു കാണാന്‍ അനുവദിച്ചു. ഡ്രോണുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയിരുന്നു.രാവിലെ മുതല്‍ പരിസരവാസികളെ ഒഴിപ്പിച്ചു. 7.30 മുതല്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പിക്അപ് പോയിന്റുകളില്‍നിന്ന് ആളുകള്‍ ബസില്‍ കയറി. ഇതിനായി പ്രത്യേക ബസുകള്‍ സജീകരിച്ചിരുന്നു. മാറുന്നവര്‍ക്ക് താല്‍കാലികമായി തങ്ങാന്‍ എസ്എച്ച് കോളജിലും ഫിഷറീസ് കോളജിലും സൗകര്യം ഏര്‍പ്പെടുത്തി. മുതിര്‍ന്നവര്‍ക്കും വൈദ്യസഹായം ആവശ്യമായവര്‍ക്കും പ്രത്യേകം യാത്രാ സൗകര്യവും ഒരുക്കി. വീട്ടില്‍നിന്ന് ഇറങ്ങുന്നതിനുമുമ്പ് വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിക്കണമെന്നും ഇലക്ട്രിക് ഉപകരണങ്ങള്‍ ഓഫ് ചെയ്യണമെന്നും പൊടിശല്യം ഒഴിവാക്കുന്നതിനായി വാതിലുകളും ജനലുകളും ഭദ്രമായി അടയ്ക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. വളര്‍ത്തുമൃഗങ്ങളെ സുരക്ഷിതമായി കൊണ്ടുപോകേണ്ടത് വീട്ടുകാരുടെ ഉത്തരവാദിത്വമാണ്. സ്‌ഫോടനത്തിന് മുന്നോടിയായി ആളുകള്‍ ഒഴിഞ്ഞുപോയെന്ന് ഉറപ്പുവരുത്തുന്നതിനായി റവന്യൂ, പോലീസ് ഉദ്യോഗസ്ഥര്‍ എല്ലാ വീടുകളും പരിശോധിച്ചു. സ്‌ഫോടനത്തിനുശേഷം ഉണ്ടാകുന്ന പൊടിപടലങ്ങള്‍ നീക്കംചെയ്യാന്‍ മരട് നഗരസഭയെ ചുമതലപ്പെടുത്തി. ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇതിനോടകം ഒരുക്കിയിരുന്നു. ആംബുലന്‍സും ആരോഗ്യ വിഭാഗം ജീവനക്കാരെയും തയാറാക്കി. മരട് നഗരസഭയില്‍ കണ്‍ട്രോള്‍ റൂം തുറന്നു.സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍