ആധാര്‍ ഇനി പോസ്റ്റോഫീസിലൂടെയും

നെടുങ്കണ്ടം: തപാല്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പോസ്റ്റ് ഓഫീസിലൂടെ പുതിയ ആധാര്‍ എടുക്കലിനും പുതുക്കലിനും തിരുത്തലിനും വഴി ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി നെടുങ്കണ്ടം പോസ്റ്റോഫീസിന്റെനേതൃത്വത്തില്‍ ഫെബ്രുവരി മൂന്ന്, നാല് തീയതികളില്‍ പുതിയ ആധാര്‍ എന്‍ട്രോള്‍ ചെയ്യുന്നതിനും പുതുക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും സൗകര്യമൊരുക്കും.
നെടുങ്കണ്ടം മിനി ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം ഉദ്ഘാടനംചെയ്യും. പുതിയ ആധാര്‍ എടുക്കുന്നതും പുതുക്കല്‍ നടത്തുന്നതും സൗജന്യമായിരിക്കും. അഞ്ച്, 15 വയസുകളില്‍ നിര്‍ബന്ധിതമായി ആധാര്‍ പുതുക്കണം. അഞ്ചു വയസിനു താഴെയുള്ള കുട്ടികളുടെ ആധാറില്‍ മാതാപിതാക്കളുടെ വിരലടയാളങ്ങളാണ് ഉപയോഗിക്കുന്നത്. കുട്ടിക്ക് അഞ്ചു വയസ് കഴിഞ്ഞാല്‍ കുട്ടിയുടെതന്നെ വിരലടയാളം എടുത്ത് ആധാര്‍ തിരുത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. 15 വയസ് കഴിയുമ്പോള്‍ രൂപ മാറ്റത്തിനനുസരിച്ചുള്ള ഫോട്ടോ അടക്കംചേര്‍ത്ത് ആധാര്‍ പുതുക്കണം.
നിലവിലെ ആധാറിലെ പേര്, മേല്‍വിലാസം, ജനനതീയതി, ഫോണ്‍ നമ്പര്‍ എന്നിവയിലുള്ള തിരുത്തലുകള്‍ പോസ്റ്റോഫീസ് വഴി ചെയ്തുകൊടുക്കും. ഇതിനായി വോട്ടര്‍ കാര്‍ഡ്, എസ്എസ്എല്‍സി ബുക്ക്, ഡ്രൈവിംഗ് ലൈസന്‍സ്, ഫോട്ടോ പതിച്ച തപാല്‍, ബാങ്ക് പാസ്ബുക്ക് തുടങ്ങിയവയിലേതെങ്കിലും അസല്‍ രേഖകളുമായി ഹാജരാക്കണം.
ഇത്തരം തിരുത്തലുകള്‍ക്ക് 50 രൂപ ഫീസായി ഈടാക്കും. വളരെ പഴയ ഫോട്ടോ ഇപ്പോഴും ആധാറില്‍ നില്‍ക്കുന്നതിനാല്‍ നിയമപരമായ കാര്യങ്ങള്‍ക്ക് പല അസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിന് പുതിയ ഫോട്ടോ ചേര്‍ത്തുള്ള ആധാര്‍ പിന്നീട് പോസ്റ്റല്‍ വഴി ലഭിക്കും. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കട്ടപ്പന സബ് ഡിവിഷണല്‍ ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീലാല്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍