യൂറോപ്പിന് താക്കീതു നല്‍കി റുഹാനി

ടെഹ്‌റാന്‍: പശ്ചിമേഷ്യയിലുള്ള യൂറോപ്യന്‍ സൈനികരുടെ നില അപകടത്തിലായേക്കുമെന്നു ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ മുന്നറിയിപ്പ്. ആണവക്കരാറിലെ വ്യവസ്ഥകളുടെ ലംഘനത്തിന്റെ പേരില്‍ ഇറാനെതിരേ നടപടിക്ക് ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും തയാറെടുക്കുന്ന പശ്ചാത്തലത്തിലാണ് റുഹാനി ഈ ഭീഷണി മുഴക്കിയത്. അമേരിക്കന്‍ പട്ടാളക്കാരന്റെ നില ഇന്ന് അപകടത്തിലാണ്. നാളെ യൂറോപ്യന്‍ സൈനികരുടെ ഗതിയും ഇതായേക്കാം ടിവിയില്‍ സംപ്രേഷണം ചെയ്ത കാബിനറ്റ് യോഗത്തില്‍ റുഹാനി പറഞ്ഞു. യുദ്ധമില്ലാതെ മേഖലയില്‍ നിന്നു പുറത്തുപോകുന്നതാണു നിങ്ങള്‍ക്കു നല്ലത്. ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുക. നിങ്ങളുടെ നന്മയ്ക്കു നല്ലത് അതാണ് റൂഹാനി പറഞ്ഞു.കൂടുതല്‍ വിശദീകരണത്തിന് അദ്ദേഹം തയാറായില്ല.ഇറാക്കിലും അഫ്ഗാനിസ്ഥാനിലും അമേരിക്കന്‍ സൈനികര്‍ക്കു പുറമേ യൂറോപ്യന്‍ സൈനികരുമുണ്ട്. അബുദാബിയില്‍ ഫ്രാന്‍സ് നാവികത്താവളം തുറന്നിട്ടുണ്ട്. ബഹറിനില്‍ ബ്രിട്ടീഷ് താവളവും പ്രവര്‍ത്തിക്കുന്നു. ഇറാനുമായി പഞ്ചമഹാശക്തികളും ജര്‍മനിയും ചേര്‍ന്ന് ഒപ്പുവച്ച ആണവക്കരാറില്‍ നിന്ന് ട്രംപ് ഏകപക്ഷീയമായി പിന്മാറുകയും ഇറാന് എതിരേ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ കരാര്‍ സംരക്ഷിക്കുന്നതിനു മാര്‍ഗം തേടി. ഇതിനിടെയാണ് ബാഗ്ദാദില്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഇറാന്റെ ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ സുലൈമാനിയെ അമേരിക്ക വകവരുത്തിയത്. ഇതേത്തുടര്‍ന്ന് കരാര്‍വ്യവസ്ഥ പ്രകാരമുള്ള ആണവ പദ്ധതി പരിമിതപ്പെടുത്തലില്‍ നിന്ന് പൂര്‍ണമായി പിന്മാറുകയാണെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. കൂടുതല്‍ സെന്‍ട്രിഫ്യൂഗുകള്‍ ഉപയോഗിച്ചുള്ള യുറേനിയം സന്പുഷ്ടീകരണം അണ്വായുധ സന്പാദനത്തിന് ഇറാന് അവസരം നല്‍കുമെന്നാണ് ഭീതി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍