സൗദിയില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പുനപരിശോധിക്കില്ലെന്ന് ധനമന്ത്രി

സൗദി:സൗദിയില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പുനപരിശോധിക്കില്ലെന്ന് സൗദി ധനമന്ത്രി. ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നതിനിടെ വിദേശ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ലെവി പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയത്.
രാജ്യത്ത് ജോലിയെടുക്കുന്ന വിദേശികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ലെവി പുനപരിശോധിക്കുന്നതിന് ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ വ്യക്തമാക്കി. ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ലെവി സംബന്ധമായ ചോദ്യത്തിന് മറുപടി നല്‍കിയത്. ലെവിയില്‍ മാറ്റം വരുത്താന്‍ രാജ്യം തീരുമാനം കൈക്കൊള്ളുന്ന പക്ഷം അപ്പോള്‍ അത് പരസ്യപ്പെടുത്തുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
കഴിഞ്ഞ ഡിസംബറില്‍ വാര്‍ഷിക ബജറ്റിന് ശേഷവും ലെവിയില്‍ പുനരാലോചനയില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. രണ്ടായിരത്തി പതിനാല് മുതലാണ് വിദേശ തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും രാജ്യത്ത് ലെവി നിലവില്‍ വന്നത്. ഓരോ വര്‍ഷവും തുക ഇരട്ടിക്കുന്ന വിധത്തിലാണ് ലെവി ഏര്‍പ്പെടുത്തിയത്. രണ്ടായിരത്തി ഇരുപതോടെയാണ് ഇത് പൂര്‍ത്തിയാകുക. എന്നാല്‍ വ്യാവസായിക ലൈസന്‍സുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള ലെവിയില്‍ കഴിഞ്ഞ വര്‍ഷം ഇളവ് നല്‍കിയിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍