സൗന്ദര്യരഹസ്യം വിയര്‍പ്പ് തുടയ്ക്കലെന്നു മോദി; വെളിപ്പെടുത്തല്‍ കുട്ടികളോട്


ന്യൂഡല്‍ഹി: നിരന്തരം വിയര്‍പ്പ് തുടച്ചുകളയുന്നതാണു തന്റെ സൗന്ദര്യരഹസ്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ കുട്ടികള്‍ക്കുള്ള ധീരതാ അവാര്‍ഡ് അടക്കമുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തശേഷം കുട്ടികളോടു സംവദിക്കുമ്പോഴാണ് മോദി തന്റെ സൗന്ദര്യരഹസ്യം വെളിപ്പെടുത്തിയത്.
പലരും എന്നോടു വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ, താങ്കളുടെ മുഖത്തിന് എങ്ങനെയാണ് ഇത്രയും തിളക്കം ലഭിച്ചതെന്നു ചോദിച്ചിട്ടുണ്ട്. എനിക്കതിന് ഒരൊറ്റ ഉത്തരമേ ഉള്ളു. ഞാന്‍ കഠിനാധ്വാനിയാണ്. അതുകൊണ്ടുതന്നെ നന്നായി വിയര്‍ക്കാറുണ്ട്. ആ വിയര്‍പ്പ് നിരന്തരമായി തുടയ്ക്കുന്നതു മുഖത്തിന് ഒരു മസാജ് ചെയ്യുന്ന ഫലം ചെയ്യും. അതു മുഖത്തിന് തിളക്കം നല്‍കും പ്രധാനമന്ത്രി കുട്ടികളോടു പറഞ്ഞു.
ദിവസത്തില്‍ നാലു തവണയെങ്കിലും കുട്ടികള്‍ നന്നായി വിയര്‍ക്കണം. ഇക്കാര്യം ഓരോ കുട്ടിയും മനസിലാക്കണം. കഠിനമായി അധ്വാനിക്കുകയും അതു തുടരുകയും ചെയ്യണം. ജീവിതത്തില്‍ എത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചാലും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും കുട്ടികളോടു പ്രധാനമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍