ഇന്ദിരാഗാന്ധി, അധോലോക നേതാവ് കരിംലാലയെ കണ്ടിരുന്നു: സഞ്ജയ് റൗത്

പൂന: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുംബൈയില്‍വച്ച് മുന്‍കാല അധോലോക നേതാവ് കരിംലാലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് മുതിര്‍ന്ന ശിവസേനാ നേതാവ് സഞ്ജയ് റൗത്.
ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍, ശരദ് ഷെട്ടി തുടങ്ങിയ അധോലോക നേതാക്കളായിരുന്നു മുംബൈ നഗരവും പരിസരപ്രദേശങ്ങളും ഒരു കാലത്ത് നിയന്ത്രിച്ചിരുന്നതെന്നും മുന്‍ മാധ്യമപ്രവര്‍ത്തകന്‍കൂടിയായ റൗത് പറഞ്ഞു. മുംബൈയില്‍ ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റൗത്. സൗത്ത് മുംബൈയില്‍വച്ചാണു കരിംലാലയുമായി ഇന്ദിരാഗാന്ധി കൂടിക്കാഴ്ച നടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
' നഗരത്തിലെ പോലീസ് കമ്മിഷണര്‍ ആരാകണം, സെക്രട്ടേറിയറ്റില്‍ ആരെല്ലാമാകണം ഇരിക്കേണ്ടതു തുടങ്ങിയവ തീരുമാനിച്ചിരുന്നത് അധോലോക നേതാക്കളായിരുന്നു. ഒരു കാലത്ത് മുംബൈയെ നിയന്ത്രിച്ചിരുന്ന ഹാജി മസ്താന്‍ സെക്രട്ടേറിയറ്റിലെത്തിയാല്‍, മുഴുവന്‍ ആളുകളും അദ്ദേഹത്തെ കാണാനെത്തും. 1960 മുതല്‍ രണ്ടുപതിറ്റാണ്ടോളം മുംബൈയിലെ ചൂതാട്ട മാഫിയയ്ക്കു നേതൃത്വം നല്‍കിയിരുന്ന കരിംലാല അനധികൃത മദ്യ വ്യാപാരം, ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് ഉള്‍പ്പെട്ടിരുന്നത്. അക്കാലം അധോലോക നേതാക്കളുടെ ഭരണത്തിലായിരുന്നു മുംബൈ. പിന്നീട് എല്ലാവര്‍ക്കും രാജ്യം വിടേണ്ടിവന്നുശിവസേനയുടെ രാജ്യസഭാംഗമായ അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകനായിരുന്നപ്പോള്‍ ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെ നിരവധി അധോലോക നേതാക്കളുടെ ചിത്രം എടുത്തിരുന്നു. ദാവൂദ് ഇബ്രാഹിമുമായി ഒരിക്കല്‍ സംസാരിച്ചിട്ടുണ്ടെന്നും താന്‍ അദ്ദേഹത്തെ അന്ന് ഗുണദോഷിക്കുകയായിരുന്നുവെന്നും റൗത്ത് അവകാശപ്പെട്ടു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍