ഒളിമ്പിക്‌സില്‍ കേരളത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കും: മന്ത്രി

തിരുവനന്തപുരം: ഒളിമ്പിക്‌സില്‍ കേരളത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നതെന്ന് കായിക മന്ത്രി ഇ.പി. ജയരാജന്‍. കായികരംഗത്ത് കേരളത്തെ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 2019 ലെ ഖേലോ ഇന്ത്യ വിജയികള്‍ക്ക് (അണ്ടര്‍ 17, അണ്ടര്‍ 21 വിഭാഗം) പുരസ്‌കാരവും കാഷ് അവാര്‍ഡും വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. മിസ്റ്റര്‍ യൂണിവേഴ്‌സ് ചിത്തരേശ് നടേശന് ഫലകവും അഞ്ച് ലക്ഷം രൂപയുടെ കാഷ് അവാര്‍ഡും മന്ത്രി സമ്മാനിച്ചു. സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ മികച്ച സ്‌കൂളുകള്‍ക്കും വ്യക്തിഗത ചാമ്പ്യന്മാര്‍ക്കും പരിശീലകര്‍ക്കുമുള്ള ഉപഹാരം പൊതുവിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് സമ്മാനിച്ചു. കായികവകുപ്പിന്റെ സഹകരണത്തോടെയാണ് സംസ്ഥാന കായികോത്സവം വിജയകരമാക്കിയതെന്ന് മന്ത്രി പറഞ്ഞു. കായിക യുവജനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക്, ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജീവന്‍ബാബു, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയ്കുമാര്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍