ഷെയ്ന്‍ നിഗം: പ്രശ്‌നങ്ങള്‍ക്കു പരിഹാരമായെന്നു മോഹന്‍ലാല്‍

കൊച്ചി: നിര്‍മാതാക്കള്‍ നടന്‍ ഷെയ്ന്‍ നിഗമിന് വിലക്ക് ഏര്‍പ്പെടുത്തിയതു സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്നു താരസംഘടനയായ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. കൊച്ചിയില്‍ നടന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കിനു കാരണമായ വിഷയങ്ങളില്‍ ഷെയ്‌നുമായി യോഗത്തില്‍ ധാരണയായി. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടന്‍ പൂര്‍ത്തിയാക്കുമെന്നും നിര്‍ത്തിവച്ച വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങള്‍ പുനരാരംഭിക്കുമെന്നും യോഗത്തില്‍ ഷെയ്ന്‍ നിഗം അറിയിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്ത് നല്‍കാനും യോഗത്തില്‍ ധാരണയായെന്നും അദ്ദേഹം പറഞ്ഞു.വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ നിര്‍മാതാക്കള്‍ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം, ഉല്ലാസം സിനിമ ഡബ്ബ് ചെയ്ത് കൊടുക്കാത്തതിന്റെ കാരണങ്ങള്‍ തുടങ്ങിയവ ഷെയ്‌നില്‍നിന്നു ഭാരവാഹികള്‍ യോഗത്തില്‍ ചോദിച്ചറിഞ്ഞു. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടത്താതിരിക്കുകയും വെയില്‍, കുര്‍ബാനി സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിര്‍മാതാക്കളുടെ സംഘടന ഷെയ്‌ന് വിലക്ക് ഏര്‍പ്പെടുത്തിയത്. അതേസമയം ഉല്ലാസം സിനിമ ഡബ്ബ് ചെയ്തു നല്‍കാതെ ഒരുവിധത്തിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കും തയാറല്ലെന്നാണു നിര്‍മാതാക്കളുടെ സംഘടനയുടെ നിലപാട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍