രോഹിത്തിനും ധവാനും പരിക്ക് : വലഞ്ഞ് ടീം ഇന്ത്യ

ബംഗളൂരു :ടി 20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് താരങ്ങളുടെ പരിക്ക് ഭീഷണിയാകുന്നു. ആസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഓപണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മക്കുമാണ് പരിക്കേറ്റത്. ധവാന് ബാറ്റ് ചെയ്യുമ്പോഴും രോഹിത്തിന് ഫീല്‍ഡിംങിനിടെയുമായിരുന്നു പരിക്കേറ്റത്.
പാറ്റ് കുമ്മിന്‍സിന്റെ ഷോട്ട് ബോള്‍ വാരിയെല്ലില്‍ തട്ടിയാണ് ശിഖര്‍ ധവാന് പരിക്കേറ്റത്. പിന്നീട് ഫീല്‍ഡിംങിന് ധവാന്‍ ഇറങ്ങിയിരുന്നില്ല. എങ്കിലും ധവാന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് ടീം വക്താവ് നല്‍കുന്ന സൂചന.
ഫീല്‍ഡിങിനിടെ ബൗണ്ടറി തടയാന്‍ ഡൈവ് ചെയ്തപ്പോഴാണ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മക്ക് പരിക്കേറ്റത്. ഇടത്തേ തോള്‍ കുത്തി വീണ രോഹിത്ത് പന്ത് എടുക്കാന്‍ പോലുമാകാതെ വേദനകൊണ്ട് പുളഞ്ഞു. തുടര്‍ന്ന് ഫിസിയോയും മറ്റുമെത്തി ബൗണ്ടറി ലൈനില്‍ പ്രാഥമിക ചികിത്സ നല്‍കി. രോഹിത്തിനും ഫീല്‍ഡിങ് തുടരാനായില്ല.
നേരത്തെ ആദ്യ ഏകദിനത്തിനിടെ ആസ്‌ട്രേലിയന്‍ ബൗളര്‍ മിച്ചര്‍ സ്റ്റാര്‍ക്കിന്റെ ബൗണ്‍സര്‍ ഹെല്‍മെറ്റില്‍ തട്ടിയ പന്ത് നിരീക്ഷണത്തിലാണ്. പന്തിന്റെ ബാറ്റില്‍ തട്ടിയ ശേഷമാണ് ബോള്‍ ഹെല്‍മെറ്റില്‍ തട്ടി ഉയര്‍ന്നത്. അതേ പന്തില്‍ തന്നെ പുറത്തായ റിഷഭ് പന്ത് നടന്നുകൊണ്ടുതന്നെ കളം വിട്ടെങ്കിലും നിരീക്ഷണത്തില്‍ കഴിയാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് ആദ്യ ഏകദിനത്തിലും രണ്ടാം ഏകദിനത്തിലും ഇന്ത്യന്‍ വിക്കറ്റ് കീപ്പറായത് കെ.എല്‍ രാഹുലാണ്. കെ.എസ് ഭരതിനെ പന്തിന്റെ അഭാവത്തില്‍ ബാക്ക് അപ് കീപ്പറായി ടീമില്‍ എടുത്തിട്ടുണ്ട്. ഇതും പന്ത് ബംഗളൂരു ഏകദിനത്തിലും കളിക്കാന്‍ സാധ്യതയില്ലെന്നതിന്റെ സൂചനയാണ്. ബംഗളൂരുവിലും രാഹുല്‍ തന്നെ കീപ്പറാകാനാണ് സാധ്യത.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍