വാളയാര്‍ ടോള്‍പ്ലാസ ഫാസ്ടാഗ് വന്നതോടെ വാഹനം വേലന്താവളം വഴി പാലക്കാട്ടേക്ക്

വാളയാര്‍: സംസ്ഥാനത്ത് ഈമാസം 15 മുതല്‍ വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതോടെ ജില്ലയിലെ പ്രധാന ടോള്‍ബൂത്തായ അട്ടപ്പള്ളത്തെ ടോള്‍ബൂത്ത് വെട്ടിക്കാന്‍ സ്വകാര്യ വാഹനങ്ങള്‍ ചാവടിവഴി പാലക്കാട്ടേയ്ക്ക്.
കോയമ്പത്തൂര്‍പാലക്കാട് ദേശീയപാതയിലെ അട്ടപ്പള്ളത്തെ കഐന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടോള്‍ബൂത്തില്‍ കഴിഞ്ഞ ജനുവരി ഒന്നുമുതല്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ സ്ഥിരം യാത്രക്കാര്‍ക്ക് ഫാസ്ടാഗ് ഗുണകരമാണെങ്കിലും ദേശീയപാതകളിലൂടെ വല്ലപ്പോഴും യാത്ര ചെയ്യുന്നവര്‍ക്ക് ഫാസ്ടാഗ് ലാഭകരമല്ലതാനും. ഫാസ്ടാഗ് നിലവില്‍ വന്നതോടെ അട്ടപ്പള്ളത്തെ ടോള്‍പ്ലാസയില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ്. ഫാസ്ടാഗ് എടുക്കാത്ത വാഹനങ്ങള്‍ ടോള്‍പ്ലാസയില്‍ നിര്‍ത്തുന്നത് ഇതരവാഹനങ്ങളെയും ദുരിതത്തിലാക്കുകയാണ്. ഫാസ്ടാഗ് സമ്പ്രദായമറിയാത്തവര്‍ ടോള്‍പ്ലാസയിലെ ജീവനക്കാരുമായി സംഘര്‍ഷമാകുന്നതും പതിവാകുകയാണ്.
ശബരിമല സീസണ്‍ കൂടിയായതിനാല്‍ ദേശീയപാതയിലൂടെയുള്ള വാഹനങ്ങളുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണെന്നിരിക്കെ ഇത്തരം സാഹചര്യത്തില്‍ ഫാസ്ടാഗ് നിലവില്‍ വന്നതും വാഹനയാത്രക്കാര്‍ക്ക് ദുരിതമാകുകയാണ്.
ടോള്‍പ്ലാസയിലെ തിരക്കും ഫാസ്ടാഗിനായി മുടക്കേണ്ട ചാര്‍ജും ഇല്ലാതാക്കുന്നതിനായാണ് വാഹനങ്ങള്‍ അട്ടപ്പള്ളം ടോള്‍പ്ലാസ ഒഴിവാക്കുന്നത്. കോയന്പത്തൂര്‍ ഭാഗത്തുനിന്നും വരുന്ന മിക്ക സ്വകാര്യവാഹനങ്ങളും മധുക്കര കഴിഞ്ഞാല്‍ ചാവടിയില്‍ നിന്നും കോയമ്പത്തൂര്‍കൊല്ലങ്കോട് സംസ്ഥാനപാതയായ വേലന്താവളം വഴി അത്തിക്കോട്, ജംഗ്ഷനിലെത്തി പാറവഴി പാലക്കാട്ടെത്തുകയാണ്. നേരത്തെ വാളയാര്‍വടക്കഞ്ചേരിപാത നിര്‍മാണസമയത്ത് ദേശീയപാതയിലെ ഗതാഗതക്കുരുക്കില്‍ നിന്നൊഴിവാകാനും സ്വകാര്യവാഹനങ്ങള്‍ ഈ പാത സ്വീകരിച്ചിരുന്നു. പാലക്കാടുനിന്നുള്ള വാഹനങ്ങളാകട്ടെ കൂട്ടുപാതയില്‍ നിന്നും പൊള്ളാച്ചി റോഡിലേക്കു തിരിഞ്ഞ് അത്തിക്കോട്‌വേലന്താവളംചാവടിവഴി കോയന്പത്തൂരിലെത്തുകയും ഇതുവഴി ടോള്‍പ്ലാസക്ക് പ്രതിമാസം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാവുന്നത്. അത്തിക്കോട് മുതല്‍ ചാവടിവരെ റോഡ് മോശമാണെങ്കിലും ടോള്‍ വെട്ടിക്കുന്ന വാഹനങ്ങള്‍ക്ക് ഇതൊന്നും പ്രശ്‌നമല്ലതാനും. വെയില്‍ കനത്തതോടെ വേലന്താവളം റോഡില്‍ പൊടിശല്യവുമേറെയാണ്. കള്ളക്കടത്തുകാര്‍ വാളയാര്‍ ചെക്‌പോസ്റ്റ് വെട്ടിച്ച് പാലക്കാട്ടേക്കെത്തുന്ന പ്രധാനപാത കൂടിയാണ് ചാവടി. വേലന്താവളം റോഡ് ഫാസ്ടാഗില്ലാതെ ഫാസ്ടാഗ് കൗണ്ടറുള്ള ടോള്‍പ്ലാസ കടന്നാല്‍ വാഹനത്തിന് നിശ്ചയിച്ചിട്ടുള്ള ടോള്‍തുകയുടെ ഇരട്ടിത്തുകയും നല്കണമെന്നതിനാലാണ് വാഹനങ്ങള്‍ ടോള്‍പ്ലാസ ഒഴിവാക്കി ചാവടി വഴിക്കേ പാലക്കാടെത്താന്‍ തയാറാകുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍