ട്രാഫിക് നിയമലംഘനം:ക്യാമറ വഴിയും വാട്‌സ്ആപ് വഴിയും കുടുങ്ങിയത് 88000 ലേറെ പേര്‍

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം തലസ്ഥാന നഗരിയില്‍ പോലീസ് സ്ഥാപിച്ച ക്യാമറ വഴിയും വാട്‌സാപ് വഴിയുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ട്രാഫിക് നിയമം ലംഘിച്ചതിന് കേസെടുത്തത് 88000 ലേറെ പേര്‍ക്കെതിരെ. ഇതിനുപുറമേ പൊതുജനങ്ങള്‍ ട്രാഫിക് കുറ്റകൃത്യങ്ങളുടെ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തി ട്രിവാന്‍ഡ്രം സിറ്റി സണ്‍ വിജില്‍ എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് (9497975000) അയച്ചത് വഴി 7678 പേര്‍ക്കെതിരെയും നിയമനടപടികള്‍ കഴിഞ്ഞവര്‍ഷം സ്വീകരിച്ചിട്ടുണ്ട്.ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചതിനാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത്. ക്യാമറ വഴി 51930 പേര്‍ക്കെതിരെയും പോലീസ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണ്‍ വഴി എടുത്ത് അയക്കുന്ന വാട്‌സ്ആപ്പ് പെറ്റി മുഖേന 22567 പേര്‍ക്കെതിരെയും ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചതിന് പെറ്റികേസ് എടുത്തു. സീറ്റ് ബെല്‍റ്റ് ഇല്ലാതെ വാഹനം ഓടിച്ച 1893 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട് . ഫുട്പാത്തില്‍ വാഹനം പാര്‍ക്ക് ചെയ്തതിന് 3000 ലേറെ പേരില്‍നിന്നാണ് ഫൈന്‍ ഈടക്കിയത്. നോപാര്‍ക്കിംഗ് ഏരിയയില്‍ വാഹനം നിര്‍ത്തിയിട്ട് പോയ 5458 പേര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. കൂടാതെ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച 32 പേരും സിഗ്‌നല്‍ ലംഘിച്ച 137 പേരും സീബ്രാ ലൈനില്‍ വാഹനം നിര്‍ത്തിയ 2800 പേരും പോലീസിന്റെ ക്യാമറയിലും വാട്‌സ്ആപ്പിലും കുരുങ്ങിയിട്ടുള്ളതായി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.തലസ്ഥാനനഗരിയിലെ ട്രാഫിക് അപകടങ്ങളും, ഗതാഗതക്കുരുക്കും കുറയ്ക്കാനായി പൊതുജനങ്ങള്‍ക്ക്, ട്രാഫിക് പോലീസ് നടപ്പിലാക്കിവരുന്ന ട്രിവാന്‍ഡ്രം സിറ്റിസണ്‍ വിജിലി ലേക്ക് നിര്‍ദേശങ്ങളും, കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങളും അയക്കാവുന്നതാണ്. ട്രിവാന്‍ഡ്രം സിറ്റിസണ്‍ വിജില്‍ എന്ന പേരുള്ള വാട്‌സ്ആപ്പ് നമ്പറായ 9497975000 ലേക്കാണ് അയക്കേണ്ടത്. ഇതിലേക്ക് നഗരവാസികളും പൊതുജനങ്ങളും കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ അറിയിച്ചു. ഇത്തരത്തില്‍ വിവരങ്ങള്‍ അയച്ചു തരുന്ന പൊതുജനങ്ങളുടെ ഐഡന്റിറ്റി ഒരിക്കലും വെളിപ്പെടുത്തുകയില്ലന്നും കമ്മീഷണര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍