ഇറാനിലെ 52 കേന്ദ്രങ്ങളില്‍ അതിവേഗ ആക്രമണം: ട്രംപ്

മോസ്‌കോ: ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിനു മറുപടി നല്‍കുമെന്നു പ്രഖ്യാപിച്ച ഇറാനു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശക്തമായ മുന്നറിയിപ്പ്. യുഎസിനെ ആക്രമിച്ചാല്‍ ഇറാനിലെ 52 കേന്ദ്രങ്ങളില്‍ അതിവേഗത്തില്‍ ശക്തമായ ആക്രമണമുണ്ടാമെന്നാണു ട്രംപിന്റെ പ്രഖ്യാപനം. ''ഇതൊരു മുന്നറിയിപ്പാണ്. ഏതെങ്കിലുമൊരു യുഎസ് പൗരനെയോ വസ്തുവകകളെയോ ഇറാന്‍ ആക്രമിച്ചാല്‍, 52 ഇറേനിയന്‍ കേന്ദ്രങ്ങളെ ഞങ്ങള്‍ ലക്ഷ്യമിട്ടിരിക്കുകയാണ്. ( 52 യുഎസ് പൗരന്മാരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ഇറാന്‍ ബന്ദിയാക്കിയിരുന്നു). ഇവയില്‍ ചിലത് ഇറാനും ഇറേനിയന്‍ സംസ്‌കാരത്തിനും ഏറെ പ്രാധാന്യമുള്ളവയാണ്. യുഎസിനെ ആക്രമിച്ചാല്‍ അതിവേഗത്തില്‍ അതിശക്തമായ ആക്രമണമായിരിക്കും'' ട്രംപ് ട്വീറ്റ് ചെയ്തു. ഇറാന്‍ റെവലൂഷനറി ഗാര്‍ഡ്‌സിലെ ഉന്നതസേനാ വിഭാഗമായ ഖുദ്‌സ് ഫോഴ്‌സ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രത്യാക്രമണം നടത്തുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചത്. സംയമനം വേണമെന്നു ലോകരാജ്യങ്ങള്‍ അഭ്യര്‍ഥിക്കുന്നതിനിടെയാണ് ഇറാനു ട്രംപിന്റെ താക്കീത്. 'അവര്‍ (ഇറാന്‍) ഞങ്ങളെ ആക്രമിച്ചു. ഞങ്ങള്‍ തിരിച്ചടിക്കുകയും ചെയ്തു. അവര്‍ വീണ്ടും ആക്രമിക്കുകയാണെങ്കില്‍ അങ്ങനെ ചെയ്യരുതെന്നു ശക്തമായി ഉപദേശിക്കുകയാണ്. അതികഠിനമായ രീതിയിലായിരിക്കും പ്രത്യാക്രമണം' ട്രംപിന്റെ ട്വീറ്റില്‍ പറയുന്നു. ''സൈനിക ഉപകരണങ്ങള്‍ക്കായി യുഎസ് രണ്ടായിരംകോടി ഡോളറാണ് ചെലവഴിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും മികച്ചതുമാണ്. ഏതെങ്കിലും അമേരിക്കന്‍ താവളത്തെയോ അമേരിക്കക്കാരെയോ ഇറാന്‍ ആക്രമിക്കുകയാണെങ്കില്‍ മനോഹരമായ ആ പുത്തന്‍ ഉപകരണങ്ങള്‍ ആ വഴിക്ക് അയയ്ക്കും''ട്രംപിന്റെ ട്വീറ്റില്‍ പറയുന്നു. തങ്ങളോട് ഒരു സൈനിക ഏറ്റുമുട്ടലിന് യുഎസിനു ധൈര്യം പോരെന്ന് ഇറാന്‍ സൈനിക മേധാവി ജനറല്‍ അബ്ദുള്‍ റഹിം മൗസാവി പറഞ്ഞു. അമേരിക്കയുമായി യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍, ഏതു സാഹചര്യത്തെയും നേരിടാന്‍ തയാറാണെന്നും ഇറേനിയന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അബ്ബാസ് മൂസാവി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍