സൗദിയിലെ എണ്ണകമ്പനി അറാംകോ 45 കോടി ഷെയറുകള്‍ കൂടി വില്‍ക്കുന്നു

സൗദി : അറാംകോ 45 കോടി ഷെയറുകള്‍ കൂടി വില്‍ക്കുന്നു. കഴിഞ്ഞ മാസമാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണകമ്പനിയായ സൗദി അറാംകോ ഓഹരി വിപണിയിലെത്തിയത്. ഓഹരി വിപണിയിലെത്തി ദിവസങ്ങള്‍ക്കകം തന്നെ ശക്തമായ മുന്നേറ്റമാണ് കമ്പനി വിപണിയില്‍ പ്രകടിപ്പിച്ചത്.കഴിഞ്ഞ മാസം ഐ.പി.ഒ വഴി 2560 കോടി ഡോളറിന്റെ ഓഹരികളാണ് സൗദി അറാംകോ വില്‍പന നടത്തിയത്. സൗദി ഓഹരി വിപണിയില്‍ പ്രവേശിച്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ വിപണി മൂല്യത്തില്‍ വന്‍ കുതിപ്പ് പ്രകടിപ്പിച്ചു. രണ്ട് ദിവസത്തിനിടയില്‍ കമ്പനിയുടെ മൂല്യത്തില്‍ തൊണ്ണൂറ്റിയാറായിരം കോടി റിയാലിന്റെ നിരക്ക് വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 32 റിയാല്‍ അടിസ്ഥാന വിലയില്‍ ആരംഭിച്ച ഓഹരിയുടെ വിപണി വില മുപ്പത്തിയാറെ ദശാംശം എട്ട് റിയാല്‍ വരെ ഉയര്‍ന്നു. ഇനീഷ്യല്‍ ഓഫറിംഗ് സമയത്ത് ആവശ്യക്കാര്‍ കൂടുതലാകുമ്പോള്‍, കൂടുതല്‍ ഓഹരികള്‍ വില്‍ക്കാന്‍ കമ്പനികളെ അനുവദിക്കുന്ന ഗ്രീന്‍ ഷോ സംവിധാനം വഴി കൂടുതല്‍ ഓഹരികള്‍ വില്‍പ്പന നടത്തുവാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഇത് വഴി 450 ദശലക്ഷം ഷെയറുകള്‍ കൂടി അധികമായി സൗദി അറാംകോ വില്‍ക്കും.അധിക ഓഹരികള്‍ അനുവദിച്ചതിലൂടെ ഐ.പി.ഒ റെക്കോര്‍ഡ് തുകയായ 2940 കോടി ഡോളറിലെത്താന്‍ സൗദി അറാംകോക്ക് സാധിച്ചു. അറബ് മേഖലകളിലെ പുതിയ സംഭവവികാസത്തെ തുടര്‍ന്ന് അറാംകോ ഓഹരി വിപണിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യതിയാനമുണ്ടായിരുന്നു. ബുധനാഴ്ച 34 റിയാലിലേക്ക് താഴ്ന്ന ഓഹരി വ്യാഴാഴ്ച 35 റിയാലിലാണ് ക്ലോസ് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍