കുടുംബവരുമാനം 4 ലക്ഷം വരെയുള്ള മുന്നാക്കക്കാര്‍ക്ക് 10% സംവരണം

 തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം ഉദ്യോഗ സംവരണം നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് കെ. ശ്രീധരന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നിയമവകുപ്പ് നിര്‍ദ്ദേശിച്ച ഭേദഗതികളോടെ മന്ത്രിസഭാ യോഗം അംഗീകരിച്ചു.നിലവില്‍ സംവരണത്തിന് അര്‍ഹതയില്ലാത്തവരും കുടുംബ വാര്‍ഷിക വരുമാനം 4 ലക്ഷം രൂപയില്‍ കവിയാത്തവരുമായ ഈ വിഭാഗത്തിലെ എല്ലാവര്‍ക്കും സംവരണത്തിന്റെ ആനുകൂല്യമുണ്ടാവും. പഞ്ചായത്തില്‍ 2.5 ഏക്കറിലധികവും മുനിസിപ്പാലിറ്റിയില്‍ 75 സെന്റിലധികവും കോര്‍പറേഷനില്‍ 50 സെന്റിലധികവും ഭൂമിയുള്ളവര്‍ സംവരണത്തിന്റെ പരിധിയില്‍ വരില്ല. മുനിസിപ്പല്‍ പ്രദേശത്ത് 20 സെന്റില്‍ അധികവും കോര്‍പറേഷന്‍ പ്രദേശത്ത് 15 സെന്റിലധികവും വരുന്ന ഹൗസ് പ്ലോട്ട് ഉള്ളവരും സംവരണത്തിന്റെ പരിധിയില്‍ വരില്ല. സംസ്ഥാന സര്‍വീസിലും സംസ്ഥാനത്തിന് ഭൂരിപക്ഷം ഓഹരിയുള്ള പൊതുമേഖല സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം നല്‍കും.സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും (ന്യൂനപക്ഷ സ്ഥാപനങ്ങളൊഴികെ) 10 ശതമാനം സംവരണം നല്‍കണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും ഇക്കാര്യം പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം പ്രാബല്യത്തില്‍ വരുന്ന തീയതി സര്‍ക്കാര്‍ തീരുമാനിക്കും. ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും പൊതുവിഭാഗത്തിലെ 'സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ' നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അവലോകനം ചെയ്യും. ഈ വിഭാഗത്തിനുള്ള സംവരണം ഉറപ്പാക്കുന്നതിന് സെക്രട്ടേറിയറ്റില്‍ പരിശോധനാ സെല്‍ രൂപീകരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍