പ്രകൃതിദുരന്തം നേരിടാന്‍ 3.4 ലക്ഷം പേരുള്ള സാമൂഹിക സന്നദ്ധസേന

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതിനും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും സംസ്ഥാനത്ത് 3.4 ലക്ഷം പേരുള്ള സാമൂഹിക സന്നദ്ധസേന രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ജനസംഖ്യയില്‍ നൂറു പേര്‍ക്ക് ഒരു സാമൂഹിക സന്നദ്ധപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് സേനയുടെ എണ്ണം കണക്കാക്കിയത്. 16നും 65 വയസിനും ഇടയില്‍ പ്രായമുള്ള ഏത് വ്യക്തിക്കും (മുഴുവന്‍ സമയ ജോലിയുള്ളവര്‍ ഒഴികെ) ഈ സേനയില്‍ ചേരാം. സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിന് മാസ്റ്റര്‍ ട്രെയിനര്‍മാരുടെ സംഘം രൂപീകരിക്കും. ഏതു സമയത്തും എളുപ്പത്തില്‍ സേനയുടെ സേവനം ലഭിക്കാവുന്ന തരത്തിലുള്ള സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. സന്നദ്ധസേനയുടെ ഘടനയും പരിശീലന പരിപാടിയും അംഗീകരിച്ചു. സേനയുടെ മേല്‍നോട്ടത്തിന് ഡയറക്ടറേറ്റ് രൂപീകരിക്കാനും തീരുമാനിച്ചു. സേനയുടെ പ്രഖ്യാപനം പുതുവര്‍ഷ ദിനത്തില്‍ നടക്കും. ജനുവരി 15ന് മുന്‍പായി 700 മാസ്റ്റര്‍ ട്രെയിനര്‍മാരെ കണ്ടെത്തും. സേനയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ജനുവരി 10 മുതല്‍ 31 വരെ ലഭ്യമാകും. ഫെബ്രുവരി മാസം മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലന പരിപാടി നടക്കും. ഏപ്രില്‍ ഒന്നു മുതല്‍ മെയ് 15 വരെ 14 ജില്ലകളിലും മാസ്റ്റര്‍ ട്രെയിനര്‍മാരുടെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. അഗ്‌നിരക്ഷാസേന, പോലീസ്, സംസ്ഥാന ദുരന്തപരിപാലന അഥോറിറ്റി, അഥോറിറ്റിയുടെ ഭരണ ചുമതലയുള്ള റവന്യു വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, എന്‍സിസി, എന്‍എസ്എസ് എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് സേനയുടെ ഡയറക്ടറേറ്റ്. സംസ്ഥാനത്തെ കരനാവികവ്യോമസേനാ വിഭാഗങ്ങളുടെ തലവന്മാരും ഡയറക്ടറേറ്റിന്റെ ഭാഗമായ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഉണ്ടാവും. ഡയറക്ടറേറ്റിന്റെ ഭരണച്ചുമതല പൊതുഭരണവകുപ്പിനായിരിക്കും. ജില്ലാതലത്തില്‍ കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കോര്‍പറേഷന്‍ മേയറും ഉള്‍പ്പെടുന്ന സ്റ്റിയറിംഗ് കമ്മിറ്റിയാണ് ഉണ്ടാവുക. പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനുള്ള പ്രതികരണ സംവിധാനമായാണ് സാമൂഹിക സന്നദ്ധസേന രൂപീകരിക്കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ക്കു പുറമേ പ്രാദേശികമായി ഉണ്ടാകുന്ന ഏത് അപകട ഘട്ടത്തിലും സേനയുടെ സഹായം ഉറപ്പുവരുത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍