'റോഡ് സുരക്ഷ ജീവന്‍ രക്ഷ' : 320 കേസുകളും 3300 പെറ്റി കേസുകളും രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പോലീസിന്റെ റോഡ് സുരക്ഷാ വാരം പദ്ധതിയുടെ ഭാഗമായി നടത്തിയ വാഹന പരിശോധനയില്‍ 320 ക്രൈം കേസുകളും 3295 പെറ്റി കേസുകളും ചര്‍ജ് ചെയ്തതായി സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ അറിയിച്ചു. 13 മുതല്‍ 20 വരെ നടത്തിയ പരിശോധനയിലാണ് ട്രാഫിക് നിയമലംഘകരെ കണ്ടെത്തിയത്. പുതുതായി ഏര്‍പ്പെടുത്തിയ ചീറ്റ പ ട്രോളിംഗിലെ ഉദ്യോഗസ്ഥരും സിറ്റി ട്രാഫിക് പോലീസും ലോക്കല്‍ പോലീസും ചേര്‍ന്നു നടത്തിയ വാഹന പരിശോധനയിലാണ് ഇത്രയധികം കേസുകള്‍ പിടികൂടിയത്.
മദ്യപിച്ച് വാഹനമോടിച്ചതിനു തൊണ്ണൂറോളം കേസുകളും അലക്ഷ്യവും അമിതവേഗത്തില്‍ വാഹനമോടിച്ചതിനു ഇരുന്നൂറോളം കേസുകളും അപകടകരമായി മാര്‍ഗതടസം ഉണ്ടാക്കിയതിനു നാല്‍പതോളം കേസുകളും രജിസ്റ്റര്‍ ചെയ്തു. ഹെല്‍മറ്റ് ധരിക്കാതെയും സീറ്റു ബെല്‍റ്റ് ധരിക്കാതെയുംഅമിതവേഗത്തില്‍ വാഹനമോടിച്ചതിനു 2675 ഓളംപെറ്റി കേസുകളും, വാട്‌സ്ആപ് വഴി 620 പെറ്റി കേസുകളും ചാര്‍ജ് ചെയ്തു. വരും ദിവസങ്ങളിലും ട്രാഫിക് ബോധവത്കരണ ക്ലാസുകള്‍ തുടരുമെന്നും ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. നേരിട്ടല്ലാതെ കാമറ വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്കും പിഴ ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു. മ്യൂസിയം ജംഗ്ഷനില്‍ ട്രാഫിക് നിയമങ്ങള്‍ അനുസരിച്ച് യാത്ര ചെയ്ത എല്ലാ യാത്രക്കാര്‍ക്കും മധുരം വിതരണം ചെയ്താണ് സിറ്റി ട്രാഫിക് വിഭാഗം റോഡ് സുരക്ഷാ വാരാചരണത്തിനു തുടക്കം കുറിച്ചത്. ടെലിവിഷന്‍ ചാനലുകളുമായി ചേര്‍ന്നു ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായുള്ള ബോധവത്കരണ പരിപാടി മ്യൂസിയം ജംഗ്ഷനില്‍ റോഡ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ നിര്‍വഹിച്ചു.
സാല്‍വേഷന്‍ ആര്‍മി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ട്രാഫിക് ക്ലബ്, ഗൈഡ്‌സ് എന്നിവരുമായി ചേര്‍ന്ന് കവടിയാര്‍ ജംഗ്ഷന്‍ കേന്ദ്രീകരിച്ച് ബോധവത്കരണ റാലിയും, കുട്ടികള്‍ തന്നെ പൊതുജനങ്ങളെയും വാഹനയാത്രക്കരെയും ബോധവത്കരിക്കുന്ന പരിപാടിയും സംഘടിപ്പിച്ചു. പട്ടം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മികച്ച രീതിയില്‍ വാഹനം ഓടിച്ച സ്‌കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാരെ ആദരിക്കുകയും അപകടത്തില്‍ പെട്ട് അരയ്ക്കു താഴെ തളര്‍ന്നു വീല്‍ചെയറില്‍ കഴിയുന്ന ദന്പതികളായ ജോര്‍ജ് കെ. തോമസ്, ജാസ്മിന്‍ ജോര്‍ജ് എന്നിവര്‍ അവര്‍ക്കുണ്ടായ അപകടത്തെക്കുറിച്ചു കുട്ടികളുമായി സംവദിച്ചു.
20നു റോഡ് സുരക്ഷാ വാരാചരണം സമാപനത്തോടനുബന്ധിച്ചു സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ട്രാഫിക് ക്ലബും സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റുമായി സഹകരിച്ചുകൊണ്ട് ട്രാഫിക് നിയമം അനുസരിച്ച് യാത്ര ചെയ്തവര്‍ക്ക് മധുരം വിളന്പുകയും നിയമലംഘനങ്ങള്‍ നടത്തിയവര്‍ക്കു ബോധവത്കരണംനടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍