കണ്ണൂര്‍ വിമാനത്താവളത്തില്‍ 32 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്.
കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ ദോഹയില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് കല്ലായി സ്വദേശിയായ അബ്ദുള്‍ മുനീറില്‍ നിന്നാണ് 808 ഗ്രാം സ്വര്‍ണം പിടികൂടിയത്.
കസ്റ്റംസ് അസി. കമ്മീഷണര്‍ മധുസൂദനന്‍ ഭട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം ഒളിപ്പിച്ചുവച്ചത് കണ്ടെത്തിയത്.
ഒരു മാസത്തിനുള്ളില്‍ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ ഉള്‍പ്പെടെ കോടികള്‍ വരുന്ന സ്വര്‍ണം കസ്റ്റംസ് പിടി കൂടിയിരുന്നു. ശരീരത്തിലും വിമാനത്തിലെ സീറ്റിനുള്ളിലും ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു സ്വര്‍ണം പിടികൂടിയിരുന്നത്. സ്വര്‍ണക്കടത്ത് വ്യാപകമായതോടെ കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.
പരിശോധനയില്‍ സൂപ്രണ്ടുമാരായ കെ. സുകുമാരന്‍, സി.വി. മാധവന്‍, പ്രദീപ് നമ്പ്യാര്‍, പി.കെ. ഹരിദാസ്, ഇന്‍സ്‌പെക്ടര്‍മാരായ മനോജ് കുമാര്‍, യഥു കൃഷ്ണന്‍, എന്‍. അശോക് കുമാര്‍, കെ.വി.ആര്‍. പ്രനീത്, കെ.വി. രാജു, മനീഷ് കുമാര്‍, എന്‍.സി. പ്രശാന്ത്, ഹവില്‍ദാര്‍മാരായ ശ്രീരാജ്, സുമാവതി എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍