സെന്‍സസ് ആദ്യ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി; 31 ചോദ്യങ്ങള്‍

തിരുവനന്തപുരം:സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ആദ്യ വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. 31 ചോദ്യങ്ങളടങ്ങിയ കേന്ദ്ര വിജ്ഞാപനം അനുബന്ധമാക്കി സംസ്ഥാന പൊതുഭരണ വകുപ്പാണ് വിജ്ഞാപനമിറക്കിയത്. എന്‍.പി.ആറുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍ ജോതിലാല്‍ പുറത്തിറക്കിയ ഉത്തരവില്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ആദ്യ ഘട്ട നിര്‍ദേശങ്ങളാണുള്ളത്. ആകെയുള്ള 31 ചോദ്യങ്ങള്‍ പ്രധാനമായും മൂന്നു തരത്തിലുള്ളതാണ്. ഗൃഹനാഥന്റെ പേര്, വയസ്, വീട് നമ്പര്‍ തുടങ്ങിയ പ്രാഥമിക വിവരങ്ങളാണ് ഒരു വിഭാഗം. വീട് ഏത് തരത്തിലുള്ളതാണ്, ടി.വി ഫ്രിഡ്ജ്, ബൈക്ക്, കാര്‍ എന്നിവയുണ്ടോ, പാചക വാതകമാണോ ഉപയോഗിക്കുന്നത് എന്നിങ്ങനെ കുടുംബത്തിന്റെ ജീവിത നിലവാരം മനസിലാക്കാന്‍ ഉപയുക്തമാകുന്നതാണ് രണ്ടാമത്തെ വിഭാഗത്തിലുള്ള ചോദ്യങ്ങള്‍. ശുചിമുറിയുണ്ടോ, ശുചിമുറി ഏത് തരത്തിലുള്ളതാണ്, മലിനജലം ഒഴിവാക്കുന്ന രീതി തുടങ്ങി ശുചീകരണ മാലന്യ കാര്യങ്ങളെ ചോദിച്ചറിയുന്നതാണ് മറ്റു ചോദ്യങ്ങള്‍. എന്‍.പി.ആറുമായി ബന്ധപ്പെടുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഇപ്പോള്‍ പുറത്തിറങ്ങിയ വിജ്ഞാപനത്തിലില്ല. വീട്ടിലുള്ളവരുടെ പേരുകള്‍, ജനനതീയതി, ആധാര്‍ തുടങ്ങി തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിങ്ങനെ 14 ചോദ്യങ്ങളാണ് എന്‍.പി.ആറുമായി ബന്ധപ്പെട്ട് ചോദിക്കാനായി കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളത്. പല തദ്ദേശ സ്ഥാപനങ്ങളും എന്‍.പി.ആറുമായി ബന്ധപ്പെട്ട വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കുലറുകള്‍ ഇറക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്തിന്റെ വിജ്ഞാപനം വരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍