നിയമസഭാ സമ്മേളനം 31 മുതല്‍

തിരുവനന്തപുരം: സമ്പൂര്‍ണ സംസ്ഥാന ബജറ്റ് മാര്‍ച്ച് 31നകം പാസാക്കും. ഈ സാമ്പത്തിക വര്‍ഷം തന്നെ സമ്പൂര്‍ണ ബജറ്റ് പാസാക്കുന്നതിനുള്ള ശിപാര്‍ശ ധനവകുപ്പ് സമര്‍പ്പിച്ചു. മന്ത്രിസഭയുടെയും നിയമസഭാ കാര്യോപദേശക സമിതിയുടെയും അനുമതി ലഭിച്ചാല്‍ മാര്‍ച്ച് 31നകം സമ്പൂര്‍ണ ബജറ്റ് സംസ്ഥാനത്തു പാസാക്കാനാകും. ഈ മാസം 31 മുതല്‍ നിയമസഭാ സമ്മേളനം ആരംഭിക്കാനാണു തീരുമാനം. 31നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു നിയമസഭാ സമ്മേളനം തുടങ്ങുന്നത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാരുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തവണത്തെ നയപ്രഖ്യാപന പ്രസംഗം കേരളം ഏറെ ഉറ്റുനോക്കുന്നതാകും. നേരത്തെ ജനുവരി 15നു നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ചേരാനായിരുന്നു പദ്ധതി. എന്നാല്‍, അന്നു ഗവര്‍ണറും ഭരണ പ്രതിപക്ഷ കക്ഷികളും മുഖാമുഖം പോരടിക്കുന്ന സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം 31ലേക്കു മാറ്റുകയായിരുന്നു. ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചുവരെ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനു മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. ഏഴിനാണു സംസ്ഥാന ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിക്കുക. തുടര്‍ന്നു ബജറ്റിന്‍ മേലുള്ള മൂന്നു ദിവസത്തെ പൊതുചര്‍ച്ച നടക്കും. പിന്നീടു വകുപ്പു തിരിച്ചുള്ള ധനാഭ്യര്‍ഥന ചര്‍ച്ചകളും. ഫെബ്രുവരി അവസാന വാരത്തോടെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം സമാപിക്കും. തുടര്‍ന്ന് ധനാഭ്യര്‍ഥനകള്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റികള്‍ പരിഗണിക്കും. സബ്ജക്ട് കമ്മിറ്റികളുടെ നിര്‍ദേശങ്ങളോടെ മാര്‍ച്ച് രണ്ടാംവാരത്തോടെ നിയമസഭാ സമ്മേളനത്തിന്റെ രണ്ടാംഘട്ടം തുടങ്ങാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. 31നകം സമ്പൂര്‍ണ ബജറ്റ് പാസാക്കാനാണു ലക്ഷ്യം. സമ്പൂര്‍ണ ബജറ്റ് പാസാക്കുന്ന സാഹചര്യത്തില്‍ ഇക്കുറി വോട്ട് ഓണ്‍ അക്കൗണ്ട് വേണ്ടിവരില്ല. രണ്ടു വര്‍ഷം മുന്‍പും സംസ്ഥാനത്തു സമ്പൂര്‍ണ ബജറ്റ് മാര്‍ച്ച് 31നു മുന്‍പു പാസാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം പാസാക്കാന്‍ ആലോചിച്ചെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വന്ന സാഹചര്യത്തില്‍ നീണ്ടു പോയി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍