സൗദിയില്‍ 30 മലയാളി നഴ്‌സുമാര്‍ നിരീക്ഷണത്തില്‍

സൗദി: സൗദിയില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയായ നഴ്‌സിനു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മലയാളി നഴ്‌സുമാര്‍ നിരീക്ഷണത്തില്‍. കൊറോണ വൈറസ് ബാധയേറ്റ ഫിലിപ്പീന്‍സ് യുവതിയെ ചികിത്സിച്ച മലയാളി നഴ്‌സുമാരെയാണ് നിരീക്ഷിച്ചുവരുന്നത്. ഇവരെ പ്രത്യേക മുറിയിലേക്ക് മാറ്റി. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയത് നാഷണലിലാണ് സംഭവം.
മുപ്പത് മലയാളി നഴ്‌സുമാരാണ് നിരീക്ഷണത്തിലുള്ളത്. മതിയായ പരിചരണമോ കൃത്യമായ ഭക്ഷണമോ ലഭിക്കുന്നില്ലെന്നും നഴ്‌സുമാര്‍ പരാതി ഉന്നയിച്ചു.
ചൈനയിലാണ് കോറോണ വൈറസ് ബാധ ഗുരുതര ഭീഷണി ഉയര്‍ത്തുന്നത്. 17 പേര്‍ ഇതിനകം മരിച്ചു. നാനൂറ്റമ്പതോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അമ്പതിലേറെ പേര്‍ ഗുരുതരാവസ്ഥയിലാണ്. ചൈനയിലെ വുഹാന്‍ നഗരത്തിലാണ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടരുമെന്നതാണ് രോഗത്തെ കൂടുതല്‍ അപകടകാരിയാക്കുന്നത്.
ഇന്ത്യയിലും വിമാനത്താവളങ്ങളില്‍ അടക്കം പരിശോധന കര്‍ശനമാക്കി. കൊച്ചി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവടങ്ങളില്‍ പ്രത്യേക പരിശോധന ആരംഭിച്ചിട്ടുണ്ട്. സൗദിയില്‍ രോഗം സ്ഥിരീകരിച്ചതോടെ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍