പൗരത്വ ഭേദഗതി: ജനുവരി 30ന് യു.ഡി.എഫിന്റെ മനുഷ്യ ഭൂപടം

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30 ന് ജില്ലാകേന്ദ്രങ്ങളില്‍ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് മനുഷ്യ ഭൂപടങ്ങള്‍ നിര്‍മ്മിക്കുമെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.ഇതിനായി ബെന്നി ബഹനാന്‍, വി.ഡി.സതീശന്‍, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി. പ്രക്ഷോഭങ്ങളില്‍ കൂടുതല്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കും. മണ്ഡലം തലത്തില്‍ യു.ഡി.എഫ് ഭരണഘടനാ സംരക്ഷണ സമിതികള്‍ രൂപീകരിക്കും. മനുഷ്യ ഭൂപടത്തിന്റെ വിജയത്തിനായി ജനുവരി ഏഴിന് ജില്ലാ യോഗങ്ങള്‍ ചേരും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനകള്‍ ഭരണഘടനാ പദവി വഹിക്കുന്നയാളിന് ഭൂഷണമല്ല. നിയമസഭയുടെ അവകാശത്തെപ്പോലും ഗവര്‍ണര്‍ ചോദ്യം ചെയ്യുമ്പോള്‍ മുഖ്യമന്ത്രിയുടെ മൗനം അദ്ഭുതകരമാണ്. സഭാ നേതാവെന്ന നിലയില്‍ മുഖ്യമന്ത്രി ഗവര്‍ണറെ നേരില്‍ക്കണ്ട് പ്രതിഷേധം അറിയിക്കണമായിരുന്നു. മുഖ്യമന്ത്രിയുടെ മൗനം മറ്റു പല സൂചനകള്‍ നല്‍കുന്നു. ഇക്കാര്യം പിന്നീട് വെളിപ്പെടുത്തും.പൗരത്വ വിഷയത്തില്‍ യു.ഡി.എഫ് സ്വന്തം സമരവുമായി മുന്നോട്ട് പോകും. സമരം തീരുമാനിച്ച ശേഷമല്ല പ്രതിപക്ഷത്തെ ക്ഷണിക്കേണ്ടത്. മുഖ്യമന്ത്രി പറയുന്നതിന് പിന്നാലെ പോകുന്നതല്ല യു.ഡി.എഫിന്റെ പണി. സംയുക്ത സമരത്തില്‍ നിന്ന് യു.ഡി.എഫ് പിന്നോട്ട് പോകുകയാണോയെന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിന്, യു.ഡി.എഫ് അതിന്റെ പരിപാടികളുമായി മുന്നോട്ട് പോവുകയാണെന്നായിരുന്നു മറുപടി.ലൈഫ് പദ്ധതിയുടെ കീഴില്‍ കോടികള്‍ ചെലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന തദ്ദേശ സ്ഥാപനങ്ങളുടെ സമ്മേളനം യു.ഡി.എഫ് ബഹിഷ്‌കരിക്കുമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍